Skip to content

ഹിറ്റ്മാൻ ദി ഹീറോ ! ഇനി ലോകകപ്പിലെ ഒന്നാമൻ ! പിന്നിലാക്കിയത് സാക്ഷാൽ സച്ചിനെ

ഐസിസി ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ തകർപ്പൻ സെഞ്ചുറിയുമായി രോഹിത് ശർമ്മ. ഡൽഹിയിൽ നടന്ന മത്സരത്തിലാണ് അതിവേഗത്തിൽ രോഹിത് ശർമ്മ സെഞ്ചുറി പൂർത്തിയാക്കിയത്. ഇതോടെ ലോകകപ്പിലെ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് രോഹിത് ശർമ്മ തകർത്തു.

273 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്കായി വെറും 63 പന്തിൽ നിന്നുമാണ് രോഹിത് ശർമ്മ സെഞ്ചുറി പൂർത്തിയാക്കിയത്. മത്സരത്തിലെ പതിനെട്ടാം ഓവറിലാണ് രോഹിത് ശർമ്മ സെഞ്ചുറി പൂർത്തിയാക്കിയത്.

ഏകദിന ക്രിക്കറ്റിലെ രോഹിത് ശർമ്മയുടെ 31 ആം സെഞ്ചുറിയും ഏകദിന ലോകകപ്പിലെ ഏഴാം സെഞ്ചുറിയുമാണിത്. ഇതോടെ ഐസിസി ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ബാറ്റ്സ്മാനായി രോഹിത് ശർമ്മ മാറി.

44 ഇന്നിങ്സിൽ നിന്നും 6 സെഞ്ചുറി നേടിയ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറെയാണ് രോഹിത് ശർമ്മ പിന്നിലാക്കിയത്. വെറും 19 ഇന്നിങ്സ് കളിച്ചുകൊണ്ടാണ് സച്ചിൻ്റെ ഈ വമ്പൻ റെക്കോർഡ് രോഹിത് ശർമ്മ തകർത്തത്. 5 സെഞ്ചുറികൾ വീതം നേടിയ ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാര, ഓസ്ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങ് എന്നിവരാണ് രോഹിത് ശർമ്മയ്ക്കും സച്ചിനും പിന്നിലുള്ളത്.

മത്സരത്തിലെ പ്രകടനത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്സ്മാനെന്ന നേട്ടവും രോഹിത് ശർമ്മ സ്വന്തമാക്കി. 553 സിക്സ് നേടിയ ക്രിസ് ഗെയ്‌ലിനെയാണ് മത്സരത്തിലെ മൂന്നാം സിക്സോടെ രോഹിത് ശർമ്മ പിന്നിലാക്കിയത്.