Skip to content

ഇത് ചരിത്രം ! ക്രിസ് ഗെയ്‌ലിനെയും പിന്നിലാക്കി രോഹിത് ശർമ്മ

അന്താരാഷ്ട്ര ക്രിക്കറ്റിൽ ചരിത്രനേട്ടവുമായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഐസിസി ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലായിരുന്നു ചരിത്രനേട്ടം ഹിറ്റ്മാൻ സ്വന്തമാക്കിയത്.

273 റൺസിൻ്റെ വിജയലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്കായി അതിഗംഭീര തുടക്കമാണ് രോഹിത് ശർമ്മ സമ്മാനിച്ചിരിക്കുന്നത്. വെറും 30 പന്തിൽ നിന്നും രോഹിത് ശർമ്മ തൻ്റെ ഫിഫ്റ്റി പൂർത്തിയാക്കി. മത്സരത്തിൽ നേടിയ മൂന്നാം സിക്സോടെ ചരിത്രനേട്ടത്തിൽ ഹിറ്റ്മാൻ ഒന്നാം സ്ഥാനത്തെത്തി.

മത്സരത്തിൽ നവീൻ ഉൾ ഹഖ് എറിഞ്ഞ എട്ടാം ഓവറിലെ അഞ്ചാം പന്തിൽ നേടിയ സിക്സോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്സ്മാനെന്ന ചരിത്രറെക്കോർഡ് രോഹിത് ശർമ്മ സ്വന്തമാക്കി. 551 ഇന്നിങ്സിൽ നിന്നും 553 സിക്സ് നേടിയ മുൻ വിൻഡീസ് താരം ക്രിസ് ഗെയ്ലിനെയാണ് തൻ്റെ 473 ഇന്നിങ്സിൽ രോഹിത് ശർമ്മ പിന്നിലാക്കിയത്.

476 സിക്സ് നേടിയ മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദി, 398 സിക്സ് നേടിയ മുൻ ന്യൂസിലൻഡ് താരം ബ്രണ്ടൻ മക്കല്ലം, 383 സിക്സ് നേടിയ മാർട്ടിൻ ഗപ്റ്റിൽ എന്നിവരാണ് ഈ നേട്ടത്തിൽ ആദ്യ അഞ്ചിലുള്ളത്.

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ 182 സിക്സ് നേടിയിട്ടുള്ള രോഹിത് ശർമ്മ ടെസ്റ്റിൽ 77 സിക്സും ഏകദിനത്തിൽ 295 ലധികം സിക്സും നേടിയിട്ടുണ്ട്.