Skip to content

ഇത് ഇരട്ടനീതിയോ ! റിസ്വാനെതിരെ നടപടിവേണമെന്ന് ആവശ്യം

ഐസിസി ഏകദിന ലോകകപ്പിൽ മികച്ച പ്രകടനമാണ് പാകിസ്ഥാൻ വിക്കറ്റ് കീപ്പർ മൊഹമ്മദ് റിസ്വാൻ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. നെതർലൻഡ്സിനെതിരെ ഫിഫ്റ്റി നേടിയ താരം ശ്രീലങ്കയ്ക്കെതിരെ തകർപ്പൻ സെഞ്ചുറി നേടിയിരുന്നു. എന്നാൽ ഇപ്പോഴിതാ റിസ്വാനെതിരെ നടപടി വേണമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് ഒരു കൂട്ടം ആളുകൾ.

ശ്രീലങ്കയ്ക്കെതിരായ മത്സരത്തിന് ശേഷം തൻ്റെ പ്രകടനം ഇസ്രായേൽ പലസ്തീൻ യുദ്ധത്തിൽ ദുരിതം അനുഭവിക്കുന്ന ഗാസയിലെ സഹോദരങ്ങൾക്കായി റിസ്വാൻ സമർപ്പിച്ചിരുന്നു. ഐസിസി ടൂർണമെൻ്റുകൾക്കിടയിൽ രാഷ്ട്രീയവും മതപരവുമായ പ്രസ്താവനകൽ നടത്തുന്നത് ഐസിസി നിയമങ്ങൾക്ക് എതിരാണെന്നും അതുകൊണ്ട് തന്നെ നടപടി വേണമെന്നുമാണ് സോഷ്യൽ മീഡിയയിൽ ആവശ്യം ഉയർന്നിരിക്കുന്നത്.

ഇതിന് മുൻപ് 2019 ഏകദിന ലോകകപ്പിൽ മിലിട്ടറി ലോഗോയുള്ള വിക്കറ്റ് കീപ്പിങ് ഗ്ലൗസ് ധരിക്കുന്നതിൽ നിന്നും എം എസ് ധോണിയെ ഐസിസി വിലക്കിയിരുന്നു. ഇന്ത്യ ഇക്കാര്യത്തിൽ അനുവാദം ചോദിച്ചുവെങ്കിലും ഐസിസി അനുവാദം നൽകാൻ തയ്യാറായിരുന്നില്ല.

തൻ്റെ സോഷ്യൽ മീഡിയയിലൂടെയാണ് ഈ പ്രസ്താവന റിസ്വാൻ പങ്കുവെച്ചത്. ഓഫ് ഫീൽഡിൽ നടന്ന കാര്യമായതിനാൽ ഇതിൽ ഐസിസി ഇടപെടാനുള്ള സാധ്യത കുറവാണ്. തൻ്റെ ഔദ്യോഗിക അക്കൗണ്ടിൽ പങ്കുവെച്ച പ്രസ്താവനയിൽ തങ്ങൾക്ക് മികച്ച പിന്തുണ നൽകിയ ഹൈദരാബാദിലെ കാണികൾക്കും റിസ്വാൻ നന്ദി പറഞ്ഞിരുന്നു. ഹൈദരബാദിലെ മത്സരത്തിന് ശേഷം ഇന്ത്യയ്ക്കെതിരായ മത്സരത്തിനായി പാകിസ്ഥാൻ ടീം അഹമ്മദാബാദിൽ എത്തിയിരുന്നു.