Skip to content

സച്ചിനും അമിത് ഷായും മുതൽ രജനി വരെ ! ഇന്ത്യ പാക് മത്സരം കളറാക്കാൻ ബിസിസിഐ

ഐസിസി ഏകദിന ലോകകപ്പിന് അത്ര ആവേശകരമായ തുടക്കമല്ല ഇക്കുറിയുണ്ടായത്. ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിൽ നടന്ന മത്സരത്തിൽ കാണികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായത് വിവാദങ്ങൾക്ക് കാരണമായിരുന്നു. അത് കൂടാതെ മറ്റ് ലോകകപ്പുകളിൽ നിന്നും വ്യത്യസ്തമായി ഉദ്ഘാടന ചടങ്ങ് ഇല്ലാതെയാണ് ലോകകപ്പ് ആരംഭിച്ചത്. എന്നാൽ ഈ ക്ഷീണമെല്ലാം ഇന്ത്യ – പാകിസ്ഥാൻ മത്സരത്തോടെ ഇല്ലാതാക്കുവാൻ ഒരുങ്ങുകയാണ് ബിസിസിഐ.

റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യ പാകിസ്ഥാൻ മത്സരത്തിന് മുൻപ് ചില പരിപാടികൾ നടത്തുവാൻ ഒരുങ്ങുകയാണ് ബിസിസിഐ. ഒക്ടോബർ 14 ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

അർജിത് സിങ്, ശ്രേയ ഘോഷാൽ എന്നിവർ മത്സരത്തിന് മുൻപായി സ്റ്റേജിൽ പെർഫോം ചെയ്യും. കൂടാതെ സച്ചിൻ ടെണ്ടുൽക്കർ, ഹോം മിനിസ്റ്റർ അമിത് ഷാ, രജനീകാന്ത്, അമിതാബ് ബച്ചൻ എന്നിവര് അടക്കമുള്ള പ്രമുഖർ മത്സരം കാണുവാൻ എത്തും.

എന്നാൽ ഇന്ത്യ പാകിസ്ഥാൻ മത്സരത്തിന് പ്രത്യേക പരിഗണന നൽകുന്നതിൽ വിമർശനവും ഉയരുന്നുണ്ട്. ചടങ്ങുകളും പരിപാടികളും ഉദ്ഘാടന മത്സരത്തിലായിരുന്നു വേണ്ടിയിരുന്നതെന്നും ഇപ്പോൾ നടത്തുന്നതിൽ അർത്ഥമില്ലെന്നും ആരാധകർ പ്രതികരിച്ചു. നേരത്തെ ഏഷ്യ കപ്പിലും ഇന്ത്യ പാകിസ്ഥാൻ മത്സരത്തിന് സ്പെഷ്യൽ പരിഗണന നൽകിയിരുന്നു. മഴ ടൂർണമെൻ്റിൽ വില്ലനായി എത്തിയപ്പോൾ ഇന്ത്യ പാകിസ്ഥാൻ മത്സരത്തിന് മാത്രമായി റിസർവ് ഡേ അനുവദിച്ചിരുന്നു.

മത്സരത്തിലേക്ക് വരുമ്പോൾ പാകിസ്ഥാനെതിരെയും ഇന്ത്യയ്ക്കായി ശുഭ്മാൻ ഗിൽ കളിക്കില്ല. ഡങ്കിപ്പനി ബാധിച്ച താരത്തിന് ഒരാഴ്ച്ചത്തെ പൂർണ വിശ്രമം ആവശ്യമാണ്. ഇതോടെ ബംഗ്ലാദേശിനെതിരായ മത്സരവും താരത്തിന് നഷ്ടമാകും.