Skip to content

ഈ ലോകകപ്പിൽ തന്നെ അവന് അതിന് സാധിക്കും !! കോഹ്ലിയെ പിന്തുണച്ച് റിക്കി പോണ്ടിങ്

ഐസിസി ഏകദിന ലോകകപ്പ് മികച്ച പ്രകടനത്തോടെ തന്നെ ആരംഭിച്ചിരിക്കുകയാണ് വിരാട് കോഹ്ലി. ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തിൽ 85 റൺസ് നേടിയാണ് കോഹ്ലി പുറത്തായത്. ഇപ്പോഴിതാ ഈ ലോകകപ്പിൽ തന്നെ ഏകദിന ക്രിക്കറ്റിലെ ഒന്നാമനായി മാറുവാൻ കോഹ്ലിക്ക് സാധിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്.

ഏകദിന ക്രിക്കറ്റിൽ ഇതിനോടകം നിരവധി റെക്കോർഡുകൾ കോഹ്ലി സ്വന്തം പേരിലാക്കിയിട്ടുണ്ട്. ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറിയെന്ന റെക്കോർഡാണ് ഇനി കോഹ്ലിയ്ക്ക് മുൻപിലുള്ളത്. 47 സെഞ്ചുറി നേടിയ കോഹ്ലിയ്ക്ക് ഇനി സച്ചിനെ പിന്നിലാക്കാൻ മൂന്ന് സെഞ്ചുറിയാണ് വേണ്ടത്.

സച്ചിനെ തീർച്ചയായും കോഹ്ലി പിന്നിലാക്കുമെന്നും ഈ ലോകകപ്പിൽ രണ്ട് സെഞ്ചുറികൾ എങ്കിലും കോഹ്ലി നേടുമെന്നും മൂന്നാം സെഞ്ചുറി കോഹ്ലി നേടുമോയെന്ന് കണ്ടുതന്നെയറിയണമെന്നും പോണ്ടിംഗ് പറഞ്ഞു.

ഈ ലോകകപ്പിലെ വേദികളും വിക്കറ്റുകളുമെല്ലാം റൺസ് സ്കോർ ചെയ്യുന്നതിന് അനുകൂലമാണെന്നും ഇത് കോഹ്ലിയുടെ ലോകകപ്പ് ആയിരിക്കാമെന്നും അക്കാര്യം മനസ്സിൽ ഉണ്ടെങ്കിൽ തീർച്ചയായും സെഞ്ചുറികൾ കോഹ്ലിയുടെ ബാറ്റിൽ നിന്നും ഉണ്ടാകുമെന്നും പോണ്ടിംഗ് കൂട്ടിചേർത്തു.

ഏകദിനത്തിൽ 283 മത്സരങ്ങൾ കളിച്ചിട്ടുള്ള കോഹ്‌ലി 57.50 ശരാശരിയിൽ 47 സെഞ്ചുറിയും 67 ഫിഫ്റ്റിയും ഉൾപ്പടെ 13,168 റൺസ് നേടിയിട്ടുണ്ട്. മറുഭാഗത്ത് സച്ചിൻ ടെണ്ടുൽക്കർ 463 മത്സരങ്ങളിൽ നിന്നും 44.83 ശരാശരിയിൽ 49 സെഞ്ചുറിയും 96 ഫിഫ്റ്റിയും ഉൾപ്പടെ 18426 റൺസാണ് നേടിയിട്ടുള്ളത്.