Skip to content

ശ്രീലങ്കയ്ക്കെതിരെ തോൽവി അറിയാതെ പാകിസ്ഥാൻ ! ഇന്ത്യയുടെ റെക്കോർഡ് തകർന്നു

ഐസിസി ഏകദിന വീണ്ടും പാകിസ്ഥാന് മുൻപിൽ പരാജയപെട്ടിരിക്കുകയാണ് ശ്രീലങ്ക. വമ്പൻ വിജയലക്ഷ്യം ഉയർത്തിയെങ്കിലും റെക്കോർഡ് റൺ ചേസിലൂടെ പാകിസ്ഥാൻ വിജയം സ്വന്തമാക്കുകയായിരുന്നു. മത്സരത്തിലെ വിജയത്തോടെ ലോകകപ്പിൽ വമ്പൻ റെക്കോർഡ് കുറിച്ചിരിക്കുകയാണ് പാകിസ്ഥാൻ. ഇന്ത്യയുടെ റെക്കോർഡാണ് വിജയത്തോടെ പാകിസ്ഥാൻ തകർത്തത്.

മത്സരത്തിൽ 6 വിക്കറ്റിനായിരുന്നു പാകിസ്ഥാൻ്റെ വിജയം. സെഞ്ചുറി നേടിയ അബ്ദുള്ള ഷഫീഖും മൊഹമ്മദ് റിസ്വാനുമാണ് പാകിസ്ഥാന് വിജയം സമ്മാനിച്ചത്.

ഏകദിന ലോകകപ്പ് ചരിത്രത്തിൽ ശ്രീലങ്കയ്ക്കെതിരായ പാകിസ്ഥാൻ്റെ എട്ടാം വിജയം കൂടിയാണിത്. ലോകകപ്പ് ചരിത്രത്തിൽ ഒരിക്കൽ പോലും പാകിസ്ഥാനെ തോൽപ്പിക്കാൻ ശ്രീലങ്കയ്ക്ക് സാധിച്ചിട്ടില്ല. ഇതോടെ ലോകകപ്പിൽ തോൽവി അറിയാതെ ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ വിജയം നേടുന്ന ടീമായി പാകിസ്ഥാൻ മാറി.

ലോകകപ്പിൽ പാകിസ്ഥാനെതിരെ തോൽവി അറിയാതെ 7 വിജയം നേടിയിട്ടുള്ള ഇന്ത്യയുടെ നേട്ടമാണ് ഇതോടെ തകർന്നത്. എന്നാൽ ഒക്ടോബർ പതിനാലിന് ഇരു ടീമുകളും വീണ്ടും ഏറ്റുമുട്ടുന്നതിനാൽ ഈ റെക്കോർഡ് തിരിച്ചുപിടിക്കാനുള്ള അവസരം ഇന്ത്യയ്ക്ക് മുൻപിലുണ്ട്.

മത്സരത്തിലേക്ക് വരുമ്പോൾ റെക്കോർഡ് റൺചേസിലൂടെയാണ് പാകിസ്ഥാൻ വിജയിച്ചത്. ശ്രീലങ്ക ഉയർത്തിയ 345 റൺസിൻ്റെ വിജയലക്ഷ്യം 48.2 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ പാകിസ്ഥാൻ മറികടക്കുകയായിരുന്നു. 2011 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ 328 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന് വിജയിച്ച അയർലൻഡിൻ്റെ റെക്കോർഡാണ് പാകിസ്ഥാൻ തകർത്തത്.