Skip to content

അതുകൊണ്ടാണ് കുറെ കാലമായി നമ്മൾ ഐസിസി ട്രോഫി നേടാത്തത് ! ഗൗതം ഗംഭീർ

ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയെ തകർത്ത് വിജയത്തോടെ ലോകകപ്പ് ആരംഭിച്ചിരിക്കുകയാണ് ഇന്ത്യ . നീണ്ട 10 വർഷമായി ഐസിസി ട്രോഫിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ഇക്കുറി അവാനിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ടീം. എന്നാൽ ഇന്ത്യയുടെ ഈ കാത്തിരിപ്പ് നീളുന്നതിന് പിന്നിലെ കാരണം ചൂണ്ടികാട്ടിയിരിക്കുകയാണ് ഗൗതം ഗംഭീർ.

ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ വിജയിക്കാൻ 5 റൺസ് വേണമെന്നിരിക്കെ ഫോർ നേടികൊണ്ട് സെഞ്ചുറിയിലേക്ക് എത്തുവാൻ കെ എൽ രാഹുൽ ശ്രമിച്ചതും സിക്സ് പോയതോടെ താരം അൽപ്പം നിരാശനായതും ചർച്ചാവിഷയമായിരുന്നു. ഇക്കാര്യത്തിൽ പ്രതികരിക്കവെയാണ് ഇന്ത്യയ്ക്ക് ഐസിസി ടൂർണമെൻ്റിൽ തിരിച്ചടിയാകുന്ന കാര്യം ഗംഭീർ തുറന്നുപറഞ്ഞത്.

ഇന്ത്യ കുറെ കാലമായി ഐസിസി ട്രോഫി നേടാത്തതിന് കാരണം കണക്കുകൾക്കും വ്യക്തിഗത നേട്ടങ്ങൾക്കും നൽകുന്ന അമിതപ്രാധാന്യമാണെന്നാണ് ഗംഭീർ തുറന്നടിച്ചിരിക്കുന്നത്.

40 റൺസ് നേടിയാലും 140 റൺസ് നേടിയാലും ടീം വിജയിക്കുന്നതിലാണ് കാര്യമെന്നും സെഞ്ചുറികളോടും വ്യക്തിഗത നേട്ടങ്ങളോടുമുള്ള അഭിനിവേശം നമ്മൾ അവസാനിപ്പിക്കണമെന്നും സെഞ്ചുറി നേടിയോ ഇല്ലയോ എന്നതല്ല പ്രധാനമെന്നും ടീമിനെ വിജയത്തിലെത്തിക്കുന്നതാണ് പ്രധാനമെന്നും ഗംഭീർ പറഞ്ഞു.

ഓസ്ട്രേലിയക്കെതിരെ ശ്രേയസ് അയ്യരും ഇഷാൻ കിഷനും പുറത്തായതിൽ ആശങ്കയുടെ ആവശ്യമെന്നും ലോകകപ്പിലെ ആദ്യ മത്സരമായതിനാൽ തന്നെ സമ്മർദ്ദം അവർക്കുണ്ടായിരിക്കുമെന്നും അത് ഏതൊരു താരത്തിനും സംഭവിക്കാമെന്നും ഇന്ത്യക്കായി ആദ്യ ലോകകപ്പ് മത്സരം കളിക്കാൻ ഇറങ്ങിയപ്പോൾ ആ സമ്മർദ്ദം തനിക്കും ഉണ്ടായിരുന്നുവെന്നും മുൻപെല്ലാം മികച്ച പ്രകടനം കാഴ്ച്ചവെച്ചതുകൊണ്ടാണ് അവർ ലോകകപ്പ് ടീമിൽ എത്തിയതെന്നും ആദ്യ റൺ നേടുന്നതോടെ അവർക്ക് ആത്മവിശ്വാസം കൈവരുമെന്നും ഗംഭീർ തുറന്നുപറഞ്ഞു.