Skip to content

പാക് ബൗളർമാരെ അടിച്ചൊതുക്കി ! വെറും 65 പന്തിൽ സെഞ്ചുറിയുമായി കുശാൽ മെൻഡിസ്

ഏഷ്യ കപ്പിലെ തൻ്റെ തകർപ്പൻ പ്രകടനം ലോകകപ്പിലും തുടരുകയാണ് ശ്രീലങ്കൻ താരം കുശാൽ മെൻഡിസ്. സന്നാഹ മത്സരത്തിൽ ഗംഭീര സെഞ്ചുറി നേടി മുന്നറിയിപ്പ് നൽകിയ താരം ഇപ്പോഴിതാ ലോകകപ്പിലും സെഞ്ചുറി കുറിച്ചിരിക്കുകയാണ്.

പാകിസ്ഥാനെതിരായ മത്സരത്തിൽ വെറും 65 പന്തിൽ നിന്നുമാണ് അതിവേഗത്തിൽ താരം സെഞ്ചുറി നേടിയത്. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഒരു ശ്രീലങ്കൻ ബാറ്റ്സ്മാൻ്റെ ഏറ്റവും വേഗതയേറിയ സെഞ്ചുറിയാണിത്.

മത്സരത്തിൽ 77 പന്തിൽ 14 ഫോറും 6 സിക്സും ഉൾപ്പടെ 122 റൺസ് നേടിയാണ് കുശാൽ മെൻഡിസ് പുറത്തായത്. ഷഹീൻ അഫ്രീദി, ഹസൻ അലി, ഹാരിസ് റൗഫ് അടക്കമുള്ള പാക് ബൗളർമാരെ അടിച്ചൊതുക്കിയാണ് ഈ ഗംഭീര സെഞ്ചുറി താരം നേടിയത്.

നേരത്തെ കഴിഞ്ഞ മത്സരത്തിൽ 42 പന്തിൽ 4 ഫോറും 8 സിക്സും ഉൾപ്പടെ 76 റൺസ് കുശാൽ മെൻഡിസ് നേടിയിരുന്നു. കഴിവുള്ള താരമായിരുന്നുവെങ്കിലും സ്ഥിരത പുലർത്താൻ പലപ്പോഴും താരത്തിന് സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ വലിയ വിമർശനങ്ങൾ ശ്രീലങ്കയിൽ നിന്നും താരം ഏറ്റുവാങ്ങിയിരുന്നു.

എന്നാൽ ഇപ്പോൾ തക്കസമയത്ത് ശ്രീലങ്കയുടെ രക്ഷകനായി മാറുകയാണ് താരം. ഇക്കഴിഞ്ഞ ഏഷ്യ കപ്പിൽ ശുഭ്മാൻ ഗില്ലിന് ശേഷം ഏറ്റവും കൂടുതൽ റൺസ് നേടിയ കുശാൽ മെൻഡിസായിരുന്നു. 6 മത്സരങ്ങളിൽ നിന്നും 270 റൺസ് താരം നേടിയിരുന്നു.

ഈ ലോകകപ്പിൽ രണ്ട് മത്സരങ്ങളിൽ നിന്നും 198 റൺസ് നേടികൊണ്ട് ടോപ് സ്കോററാകാനും താരത്തിന് സാധിച്ചു.