Skip to content

ദുരിത ബാധിതർക്ക് സഹായവുമായി റാഷിദ് ഖാൻ !!

അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പ ദുരിത ഭാതിതർക്ക് സഹായവുമായി അഫ്ഗാൻ സൂപ്പർതാരം റാഷിദ് ഖാൻ. ഒക്ടോബർ ഏഴിനാണ് അഫ്ഗാനിസ്ഥാൻ്റെ പല ഭാഗങ്ങളിൽ ഭൂകമ്പം ഉണ്ടായത്. ഇതിനെ തുടർന്ന് 2000 ത്തിലധികം പേർക്ക് ജീവൻ നഷ്ടപെട്ടിരുന്നു. ഒട്ടനവധി പേർക്ക് ഗുരുതരമായി പരിക്കും പറ്റിയിരുന്നു.

ദുരിതബാധിതർക്ക് സഹായമായി ഈ ഏകദിന ലോകകപ്പിലെ എല്ലാ മത്സരങ്ങളുടെയും മാച്ച് ഫീ നൽകുമെന്ന് സോഷ്യൽ മീഡിയയിലൂടെ റാഷിദ് ഖാൻ അറിയിച്ചു. ഇത് കൂടാതെ വൈകാതെതന്നെ കൂടുതൽ സഹായം നൽകുവാൻ ഒരു ധനസമാഹരണ ക്യാംപെയ്നും നടത്തുമെന്നും റാഷിദ് ഖാൻ പറഞ്ഞു.

ലോകകപ്പിൽ അഫ്ഗാനിസ്ഥാൻ – ബംഗ്ലാദേശ് മത്സരം നടന്ന അതേ ദിവസമാണ് അഫ്ഗാനിസ്ഥാനിൽ ഈ ഭൂകമ്പം ഉണ്ടായത്.

ലോകകപ്പിലേക്ക് വരുമ്പോൾ ആദ്യ മത്സരത്തിൽ ബംഗ്ളാദേശിനെതിരെ അഫ്ഗാനിസ്താൻ 6 വിക്കറ്റിന് പരാജയപെട്ടിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന് 156 റൺസ് നേടുവാൻ മാത്രമാണ് സാധിച്ചത്. 157 റൺസിൻ്റെ വിജയലക്ഷ്യം 34.4 ഓവറിൽ മറികടന്നുകൊണ്ടാണ് ബംഗ്ളാദേശ് മത്സരത്തിൽ വിജയിച്ചത്.

ഒക്ടോബർ പതിനൊന്നിന് ഡൽഹിയിൽ ഇന്ത്യയ്ക്കെതിരെയാണ് അഫ്ഗാനിസ്ഥാൻ്റെ അടുത്ത മത്സരം.