Skip to content

ഇവിടെ അക്കാര്യം ചെയ്യാൻ ഭയമാകുന്നു !! വിമർശനവുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലർ

ഐസിസി ഏകദിന ലോകകപ്പിലെ ഇന്ത്യ ഇതര മത്സരങ്ങളിൽ കാണികളെ നിറയ്ക്കുന്നതിൽ പരാജയപെട്ടതിന് പുറകെ വലിയ വിമർശനമാണ് ബിസിസിഐ ഏറ്റുവാങ്ങിയത്. ടിക്കറ്റ് വിൽപ്പനയിലെയും ക്രമീകരണത്തിലും ബിസിസിഐയിൽ നിന്നുണ്ടായ പിഴവ് ആരാധകർ ചൂണ്ടികാട്ടിയിരുന്നു. ഇപ്പോഴിതാ ബിസിസിഐയെ വീണ്ടും വെട്ടിലാക്കികൊണ്ട് ലോകകപ്പ് വേദിയിലെ ഔട്ട് ഫീൽഡിൽ പരാതി അറിയിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലർ.

ലോകകപ്പിലെ പ്രധാന വേദികളിൽ ഒന്നായ ധർമ്മശാലയിലെ ഔട്ട് ഫീൽഡാണ് ഇപ്പോൾ ചർച്ചാ വിഷയമായിരിക്കുന്നത്. ഇവിടെ നടന്ന ബംഗ്ലാദേശ് അഫ്ഗാനിസ്ഥാൻ മത്സരത്തിന് പുറകെ ഔട്ട് ഫീൽഡിന് മോശം റേറ്റിങ് ഐസിസി നൽകിയിരുന്നു. ഇതിനിടെയാണ് ഇംഗ്ലണ്ടും ബംഗ്ളാദേശും തമ്മിലുളള മത്സരം നാളെ ഇവിടെ നടക്കുന്നത്.

തൻ്റെ അഭിപ്രായത്തിൽ ഔട്ട് ഫീൽഡ് വളരെ മോശമാണെന്നും ഡൈവ് ചെയ്യുന്നതിനെ കുറിച്ചോ ഫീൽഡിംഗ് ചെയ്യുമ്പോൾ ശ്രദ്ധിക്കണം എന്നതിനെ കുറിച്ചോ ചർച്ചയാകുമ്പോൾ അത് ടീമെന്ന നിലയിൽ മികച്ച പ്രകടനം പുറത്തെടുക്കണമെന്ന ആഗ്രഹത്തിന് എതിരാണെന്നും ബട്ട്ലർ പറഞ്ഞു. റൺസ് സേവ് ചെയ്യുവാൻ തീർച്ചയായും ഡൈവ് ചെയ്യേണ്ടിവരുമെന്നും പക്ഷേ ധർമ്മശാലയിലെ ഔട്ട് ഫീൽഡ് അതിന് ഒട്ടും അനുയോജ്യമല്ലയെന്നും ടീമെന്ന നിലയിലോ കളിക്കാരൻ എന്ന നിലയിലോ ഇത്തരം ഗ്രൗണ്ടിൽ കളിക്കാൻ ആഗ്രനിക്കുന്നില്ലയെന്നും ബട്ട്ലർ തുറന്നടിച്ചു.

നേരത്തെ ബംഗ്ളാദേശ് അഫ്ഗാനിസ്ഥാൻ മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെ മോശം ഔട്ട് ഫീൽഡ് കാരണം അഫ്ഗാൻ താരം മുജീബ് റഹ്മാന് പരിക്ക് പറ്റിയിരുന്നു. ഭാഗ്യം കൊണ്ടാണ് പരിക്ക് ഗുരുതരമാകാതിരുന്നതെന്ന് തുറന്നടിച്ച അഫ്ഗാൻ ഹെഡ് കോച്ച് ഇവിടെ കളിക്കാൻ പോകുന്ന മറ്റു ടീമുകൾക്ക് മുന്നറിയിപ്പും നൽകിയിരുന്നു.