Skip to content

ഒടുവിൽ സച്ചിൻ്റെ ആ റെക്കോർഡും തകർന്നു ! ഇനി തലപ്പത്ത് കിങ് കോഹ്ലി

ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ തകർപ്പൻ പ്രകടനത്തോടെ ഏകദിന ക്രിക്കറ്റിലെ സച്ചിൻ്റെ മറ്റൊരു റെക്കോർഡ് കൂടെ തകർത്ത് വിരാട് കോഹ്ലി. മത്സരത്തിൽ സെഞ്ചുറി കുറിക്കാനായില്ലെങ്കിൽ തകർച്ചയിൽ നിന്നും ഇന്ത്യയെ കരകയറ്റി വിജയം ഉറപ്പിച്ചാണ് കോഹ്ലി മടങ്ങിയത്. ഇതിനൊപ്പമാണ് സച്ചിൻ്റെ മറ്റൊരു റെക്കോർഡ് കൂടെ കോഹ്ലി തകർത്തത്.

116 പന്തിൽ 85 റൺസ് നേടിയാണ് വിരാട് കോഹ്ലി പുറത്തായത്. 2 റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി വൻ തകർച്ചയെ അഭിമുഖീകരിച്ച ഇന്ത്യയെ നാലാം വിക്കറ്റിൽ കെ എൽ രാഹുലിനൊപ്പം ചേർന്ന് 165 റൺസ് കൂട്ടിച്ചേർത്താണ് കോഹ്ലി പുറത്തായത്.

ഈ പ്രകടനത്തോടെ ഏകദിന ക്രിക്കറ്റിൽ വിജയകരമായ റൺചേസിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാനായി കോഹ്ലി മാറി. ഇന്ത്യ വിജയിച്ച റൺ ചേസുകളിൽ 88.90 ശരാശരിയിൽ 5517 റൺസ് വിരാട് കോഹ്ലി നേടിയിട്ടുണ്ട്. 55.45 ശരാശരിയിൽ 5490 റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കറിനെയാണ് കോഹ്ലി പിന്നിലാക്കിയത്.

57.34 ശരാശരിയിൽ 4186 റൺസ് നേടിയ റിക്കി പോണ്ടിങ്, 63.22 ശരാശരിയിൽ 3983 റൺസ് നേടിയ രോഹിത് ശർമ്മ, 56.42 ശരാശരിയിൽ 3950 റൺസ് നേടിയ ജാക്ക് കാലിസ് എന്നിവരാണ് ഈ നേട്ടത്തിൽ കോഹ്ലിയ്ക്കും സച്ചിനും പിന്നിലുള്ളത്.