Skip to content

ചരിത്രനേട്ടവുമായി കിങ് കോഹ്ലി ! തകർത്തത് സച്ചിൻ്റെ വമ്പൻ റെക്കോർഡ്

ഐസിസി ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ മികച്ച പ്രകടനത്തോടെ മറ്റൊരു വമ്പൻ റെക്കോർഡ് കൂടെ സ്വന്തം പേരിൽ കുറിച്ച് വിരാട് കോഹ്ലി. മത്സരത്തിൽ തുടക്കത്തിൽ തന്നെ ഇന്ത്യയെ കോഹ്ലിയും കെ എൽ രാഹുലും ചേർന്നാണ് വിജയത്തിലെത്തിച്ചത്.

ഇന്ത്യ 6 വിക്കറ്റിന് വിജയിച്ച മത്സരത്തിൽ 116 പന്തിൽ 85 റൺസ് നേടിയാണ് കോഹ്ലി പുറത്തായത്. ഈ തകർപ്പൻ പ്രകടനത്തോടെ ഐസിസി വൈറ്റ് ബോൾ ടൂർണമെൻ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ബാറ്റ്സ്മാനെന്ന റെക്കോർഡ് കിങ് കോഹ്ലി സ്വന്തമാക്കി.

മത്സരത്തിലെ പ്രകടനം അടക്കം ഏകദിന ലോകകപ്പ്, ടി20 ലോകകപ്പ്, ഐസിസി ചാമ്പ്യൻസ് ട്രോഫി അടക്കമുള്ള ടൂർണമെൻ്റുകളിൽ നിന്നും 64 ഇന്നിങ്സിൽ 65.23 ശരാശരിയിൽ രണ്ട് സെഞ്ചുറിയും 25 ഫിഫ്റ്റിയും ഉൾപ്പെടെ 2785 റൺസ് കോഹ്ലി നേടിയിട്ടുണ്ട്.

58 ഇന്നിങ്സിൽ നിന്നും 52.28 ശരാശരിയിൽ 7 സെഞ്ചുറിയും 18 ഫിഫ്റ്റിയും ഉൾപ്പെടെ 2719 റൺസ് നേടിയിട്ടുള്ള സച്ചിൻ ടെണ്ടുൽക്കറെ മറികടന്നാണ് കോഹ്ലി ഈ നേട്ടത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയത്. 64 ഇന്നിങ്സിൽ നിന്നും 2422 റൺസ് നേടിയ രോഹിത് ശർമ്മ, 62 ഇന്നിങ്സിൽ 1707 റൺസ് നേടിയ യുവരാജ് സിംഗ്, 32 ഇന്നിങ്സിൽ നിന്നും 1671 റൺസ് നേടിയ സൗരവ് ഗാംഗുലി എന്നിവരാണ് ഈ നേട്ടത്തിൽ ആദ്യ അഞ്ച് സ്ഥാണങ്ങളിലുള്ള മറ്റ് ഇന്ത്യൻ താരങ്ങൾ.