Skip to content

കോഹ്ലി പറഞ്ഞതുപോലെയാണ് ബാറ്റ് ചെയ്തത് ! തകർപ്പൻ പ്രകടനത്തെ കുറിച്ച് കെ എൽ രാഹുൽ

ഓസ്ട്രേലിയക്കെതിരായ ഏകദിന ലോകകപ്പ് മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് കെ എൽ രാഹുൽ ഇന്ത്യയ്ക്കായി കാഴ്ച്ചവെച്ചത്. കോഹ്ലിയ്ക്കൊപ്പം ചേർന്നുള്ള താരത്തിൻ്റെ കൂട്ടുകെട്ടായിരുന്നു ഇന്ത്യയുടെ വിജയത്തിലേക്ക് വഴിയൊരുക്കിയത്. മത്സരത്തിൽ തുടക്കം മുതൽ കോഹ്ലിയുടെ നിർദ്ദേശപ്രകാരമാണ് താൻ ബാറ്റ് ചെയ്തതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് കെ എൽ രാഹുൽ.

മത്സരത്തിൽ 6 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 200 റൺസിൻ്റെ വിജയലക്ഷ്യം 41.2 ഓവറിലാണ് ഇന്ത്യ മറികടന്നത്. കോഹ്ലി 85 റൺസ് നേടിയപ്പോൾ കെ എൽ രാഹുൽ 97 റൺസ് നേടി പുറത്താകാതെ നിന്നിരുന്നു.

മത്സരത്തിൽ വമ്പൻ തകർച്ചയോടെയാണ് ഇന്ത്യ തുടങ്ങിയത്. ഇഷാൻ കിഷൻ, രോഹിത് ശർമ്മ, ശ്രേയസ് അയ്യർ എന്നീ മൂന്ന് താരങ്ങൾ പൂജ്യത്തിന് പുറത്തായിരുന്നു. പിച്ച് ബൗളർമാർക്ക് അനുകൂലമായതിനാൽ തന്നെ ടെസ്റ്റ് ക്രിക്കറ്റിലെ പോലെ കളിക്കണമെന്ന് കോഹ്ലി തന്നോട് നിർദ്ദേശിച്ചുവെന്ന് മത്സരശേഷം കെ എൽ രാഹുൽ പറഞ്ഞു. ന്യൂ ബോളിൽ പേസർമാർക്കും പിന്നീട് സ്പിന്നർമാർക്ക് പിച്ച് അനുകൂലമായിരുന്നുവെന്നും പക്ഷേ ഡ്യൂ ബാറ്റിങിന് സഹായകരമായെന്നും കെ എൽ രാഹുൽ പറഞ്ഞു.

2 റൺസിന് 3 വിക്കറ്റ് നഷ്ടപെട്ട ശേഷം നാലാം വിക്കറ്റിൽ 165 റൺസ് കോഹ്ലിയും കെ എൽ രാഹുലും കൂട്ടിച്ചേർത്തിരുന്നു. മത്സരത്തിലെ വിജയം നെറ്റ് റൺ റേറ്റിൽ കാര്യമായി പ്രതിഫലിച്ചില്ലയെങ്കിലും ഓസ്ട്രേലിയയെ പോലെ വമ്പൻ ടീമിനെതിരെ നെറ്റ് റൺ റേറ്റിനേക്കാൾ പോയിൻ്റിന് തന്നെയാണ് പ്രാധാന്യം നൽകേണ്ടത്. ഒക്ടോബർ പതിനൊന്നിന് ഡൽഹിയിൽ അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.