Skip to content

ലോകകപ്പിൽ ചരിത്രനേട്ടവുമായി വാർണർ! പിന്നിലാക്കിയത് സാക്ഷാൽ സച്ചിനെയും ഡിവില്ലിയേഴ്സിനെയും

ഐസിസി ഏകദിന ലോകകപ്പിൽ തകർപ്പൻ റെക്കോർഡുമായി ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. ചെന്നൈയിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിലാണ് സച്ചിൻ ടെണ്ടുൽക്കറെയും എ ബി ഡിവില്ലിയേഴ്സിനെയും പിന്നിലാക്കികൊണ്ട് ഈ റെക്കോർഡ് ഡേവിഡ് വാർണർ സ്വന്തമാക്കിയത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയക്ക് 199 റൺസ് നേടുവാൻ മാത്രമാണ് സാധിച്ചത്. 46 റൺസ് നേടിയ സ്റ്റീവ് സ്മിത്തും 41 റൺസ് നേടിയ ഡേവിഡ് വാർണറും മാത്രമാണ് ഇന്ത്യൻ ബൗളർമാർക്ക് മുൻപിൽ പിടിച്ചുനിന്നത്. മത്സരത്തോടെ ഏകദിന ലോകകപ്പിൽ 1000 റൺസ് ഡേവിഡ് വാർണർ പൂർത്തിയാക്കി.

വെറും 19 ഇന്നിങ്സിൽ നിന്നുമാണ് വാർണർ 1000 റൺസ് പൂർത്തിയാക്കിയത്. ഇതോടെ ലോകകപ്പിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് നേടുന്ന ബാറ്റ്സ്മാനായി വാർണർ മാറി. 20 ഇന്നിങ്സിൽ നിന്നും 1000 റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കർ, എ ബി ഡിവില്ലിയേഴ്സ് എന്നിവരെയാണ് ഡേവിഡ് വാർണർ പിന്നിലാക്കിയത്. 21 ഇന്നിങ്സിൽ നിന്നും 1000 റൺസ് നേടിയ വിവിയൻ റിച്ചാർഡ്സ്, സൗരവ് ഗാംഗുലി എന്നിവരാണ് ഈ പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്.

മറുഭാഗത്ത് ഈ റെക്കോർഡ് മറികടക്കാനുള്ള അവസരം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് ഉണ്ടായിരുന്നു. 17 ഇന്നിങ്സിൽ നിന്നും 978 റൺസ് നേടിയിട്ടുള്ള ഹിറ്റ്മാന് 22 റൺസ് നേടിയിരുന്നെങ്കിൽ ഈ റെക്കോർഡിൽ വാർണറിനെ പിന്നിലാക്കാൻ സാധിക്കുമായിരുന്നു. എന്നാൽ മത്സരത്തിൽ പൂജ്യത്തിന് പുറത്തായതോടെ ആ അവസരം രോഹിത് ശർമ്മയ്ക്ക് നഷ്ടമായി. എന്നാൽ അടുത്ത മത്സരത്തിൽ 22 റൺസ് നേടിയാൽ വാർണർക്കൊപ്പമെത്താൻ രോഹിത് ശർമ്മയ്ക്ക് സാധിക്കും.