Skip to content

വെടിക്കെട്ട് പ്രകടനവുമായി തിലക് വർമ്മ ! തകർപ്പൻ വിജയത്തോടെ ഇന്ത്യ ഫൈനലിൽ

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് സെമിഫൈനലിൽ ബംഗ്ളാദേശിനെ പരാജയപെടുത്തി ഇന്ത്യ ഫൈനലിൽ. 9 വിക്കറ്റിൻ്റെ അനായാസ വിജയം നേടികൊണ്ടാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യ മെഡൽ ഉറപ്പിക്കുകയും ചെയ്തു

മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 97 റൺസിൻ്റെ വിജയലക്ഷ്യം ഓവറിൽ 9.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. 26 പന്തിൽ 2 ഫോറും 6 സിക്സും അടക്കം 55 റൺസ് നേടിയ തിലക് വർമ്മയാണ് ഇന്ത്യൻ വിജയം വേഗത്തിലാക്കിയത്. ക്യാപ്റ്റൻ റിതുരാജ് ഗയ്ക്ക്വാദ് 26 പന്തിൽ 40 റൺസ് നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ളാദേശിനെ നാലോവറിൽ 12 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സായ് കിഷോർ, രണ്ട് വിക്കറ്റ് നേടിയ വാഷിങ്ടൺ സുന്ദർ എന്നിവരാണ് തകർത്തത്. ക്വാർട്ടർ ഫൈനലിൽ നേപ്പാളിനെ പരാജയപെടുത്തിയാണ് ഇന്ത്യ സെമിയിൽ എത്തിയത്. ഫൈനലിൽ ശ്രീലങ്കയോ പാകിസ്ഥാനോ ആയിരിക്കും ഇന്ത്യയുടെ എതിരാളികൾ.

നേരത്തെ വനിതാ ക്രിക്കറ്റിൽ ശ്രീലങ്കയെ പരാജയപെടുത്തി ഇന്ത്യ സ്വർണ മെഡൽ നേടിയിരുന്നു.