Skip to content

അവരുടെ പേര് എനിക്കൊപ്പം ചേർക്കാൻ സാധിച്ചതിൽ ഭാഗ്യവാനാണ് ! രച്ചിൻ രവീന്ദ്ര

ഗംഭീര പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് പോരാട്ടത്തിൽ ന്യൂസിലൻഡ് യുവതാരം രച്ചിൻ രവീന്ദ്ര കാഴ്ച്ചവെച്ചത്. മത്സരത്തിൽ കോൺവെയ്ക്കൊപ്പം സെഞ്ചുറി കുറിച്ച താരം തൻ്റെ ലോകകപ്പ് അരങ്ങേറ്റത്തിൽ തന്നെ പ്ലേയർ ഓഫ് ദി മാച്ച് അവാർഡും സ്വന്തമാക്കി.

ഇന്ത്യൻ വംശജനായ താരം ജനിച്ചതും വളർന്നതുമെല്ലാം ന്യൂസിലൻഡിലാണ്. രച്ചിൻ്റെ ഈ പേരിന് പിന്നിലും ക്രിക്കറ്റ് തന്നെയാണ്. ക്രിക്കറ്റ് ആരാധകരായ അച്ഛനും അമ്മയും ഇതിഹാസ താരങ്ങളായ രാഹുൽ ദ്രാവിഡ്, സച്ചിൻ ടെണ്ടുൽക്കർ എന്നിവരുടെ പേരുകൾ കൂട്ടിച്ചേർത്തുകൊണ്ടാണ് രച്ചിൻ എന്ന പേര് മകന് നൽകിയത്.

ഇതിഹാസ താരങ്ങളുടെ പേര് കൂട്ടിച്ചേർത്തുകൊണ്ട് തനിക്ക് നല്കിയ ഈ വ്യത്യസ്തമായ പേരിൽ താൻ ഭാഗ്യവാനാണെന്നായിരുന്നു മത്സരശേഷം സ്റ്റാർ സ്പോർട്ട്സ് പുറത്തുവിട്ട വീഡിയോയിൽ താരം പറഞ്ഞിരിക്കുന്നത്. കൂടാതെ നിലവിലെ തൻ്റെ ഇഷ്ട താരങ്ങൾ ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണും ഇന്ത്യൻ സൂപ്പർ താരം കിങ് കോഹ്ലിയുമാണെന്നും താരം വീഡിയോയിൽ പറഞ്ഞു.

മത്സരത്തിലേക്ക് വരുമ്പോൾ ന്യൂസിലൻഡ് 9 വിക്കറ്റിൻ്റെ വിജയം നേടിയ മത്സരത്തിൽ വെറും 82 പന്തിൽ സെഞ്ചുറി കുറിച്ച താരം 96 പന്തിൽ 11 ഫോറും 5 സിക്സും ഉൾപ്പടെ 123 റൺസ് നേടിയിരുന്നു. ഇതോടെ ഏകദിന ലോകകപ്പിൽ ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടിയ ന്യൂസിലൻഡ് ബാറ്റ്സ്മാൻ, ലോകകപ്പിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ന്യൂസിലൻഡ് ബാറ്റ്സ്മാൻ എന്നീ റെക്കോർഡുകളും രച്ചിൻ രവീന്ദ്ര സ്വന്തമാക്കി.

ഇനി ഒക്ടോബർ ഒമ്പതിന് നെതർലൻഡ്സിനെതിരെയാണ് ന്യൂസിലൻഡിൻ്റെ അടുത്ത മത്സരം. നാളത്തെ മത്സരത്തിൽ പാകിസ്ഥാൻ ന്യൂസിലൻഡിനെ നേരിടും.