Skip to content

ലോകകപ്പ് ചരിത്രത്തിൽ ഇതാദ്യം !! തകർപ്പൻ റെക്കോർഡുമായി കോൺവെ

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ന്യൂസിലൻഡ് ഓപ്പണർ ഡെവൻ കോൺവെ നടത്തിയത്. യുവതാരം രച്ചിൻ രവീന്ദ്രയെ കൂട്ടുപിടിച്ചുകൊണ്ട് താരം നേടിയ സെഞ്ചുറിയാണ് അനായാസ വിജയം കിവികൾക്ക് സമ്മാനിച്ചത്. ഈ പ്രകടനത്തോടെ ലോകകപ്പ് ചരിത്രത്തിൽ മറ്റൊരു ബാറ്റ്സ്മാനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് കോൺവെ.

മത്സരത്തിൽ വെറും 83 പന്തിൽ നിന്നുമാണ് കോൺവെ തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്. മത്സരത്തിൽ 121 പന്തിൽ 19 ഫോറും 3 സിക്സും ഉൾപ്പടെ 152 റൺസ് കോൺവെ അടിച്ചുകൂട്ടിയിരുന്നു.

ഇതോടെ ഐസിസി ഏകദിന ലോകകപ്പ് ചരിത്രത്തിൽ വിജയകരമായ റൺ ചേസിൽ 150+ റൺസ് സ്കോർ ചെയ്യുന്ന ആദ്യ ബാറ്റ്സ്മാനെന്ന ചരിത്ര റെക്കോർഡ് ഡെവൻ കോൺവെ സ്വന്തമാക്കി. ഇതിന് മുൻപ് മറ്റൊരു ബാറ്റ്സ്മാനും തന്നെ ഈ റെക്കോർഡ് സ്വന്തമാക്കുവാൻ സാധിച്ചിരുന്നില്ല.

32 ക്കാരനായ കോൺവെയുടെ ലോകകപ്പ് അരങ്ങേറ്റം കൂടിയാണിത്. ലോകകപ്പ് അരങ്ങേറ്റത്തിൽ 150+ റൺസ് നേടുന്ന നാലാമത്തെ താരം കൂടിയാണ് കോൺവെ. 1996 ൽ 188 റൺസ് നേടിയ ഗാരി കിർസ്റ്റൻ, 2003 ൽ 172 റൺസ് നേടിയ ക്രെയ്ഗ് വിഷർട്, 1975 ൽ 171 റൺസ് നേടിയ ഗ്ലെൻ ടേണർ എന്നിവരാണ് കോൺവെയ്ക്ക് മുൻപിലുള്ളത്.

മത്സരത്തിലേക്ക് വരുമ്പോൾ ഇംഗ്ലണ്ട് ഉയർത്തിയ 283 റൺസിൻ്റെ വിജയലക്ഷ്യം 36.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലൻഡ് മറികടന്നത്. കോൺവെയ്ക്കൊപ്പം 82 പന്തിൽ സെഞ്ചുറി നേടി 96 പന്തിൽ 123 റൺസ് നേടിയ രച്ചിൻ രവീന്ദ്രയും കിവികൾക്കായി തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചു. രച്ചിൻ രവീന്ദ്രയാണ് പ്ലേയർ ഓഫ് ദി മാച്ച്.