Skip to content

ബൗണ്ടറിയിലും തോൽവി തന്നെ !! ഇംഗ്ലണ്ടിനെ ട്രോളി ആരാധകർ

ഐസിസി ഏകദിന ലോകകപ്പിൽ തോൽവിയോടെ തുടങ്ങിയിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്. കനത്ത പരാജയമാണ് ന്യൂസിലൻഡിനെതിരെ ഇംഗ്ലണ്ട് ഏറ്റുവാങ്ങിയത്. ഈ തോൽവിയ്ക്ക് പുറകെ ഇംഗ്ലണ്ടിനെതിരെ പരിഹാസവുമായി എത്തിയിരിക്കുകയാണ് ആരാധകർ.

മത്സരത്തിൽ 9 വിക്കറ്റിൻ്റെ വിജയമാണ് ന്യൂസിലൻഡ് നേടിയത്. ഇംഗ്ലണ്ട് ഉയർത്തിയ 283 റൺസിൻ്റെ വിജയലക്ഷ്യം 36.2 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ന്യൂസിലൻഡ് മറികടന്നു. സെഞ്ചുറി നേടിയ ഡെവൻ കോൺവെയും രച്ചിൻ രവീന്ദ്രയുമാണ് ന്യൂസിലൻഡിന് ഏകപക്ഷീയ വിജയം സമ്മാനിച്ചത്.

മത്സരത്തിന് പുറകെ ഇരു ടീമുകളും നേടിയ ബൗണ്ടറികളുടെ എണ്ണം പങ്കുവെച്ചുകൊണ്ടാണ് ഇംഗ്ലണ്ടിനെ ആരാധകർ പരിഹസിക്കുന്നത്. കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ സൂപ്പറോവറിലും ഇരു ടീമുകളും ഒപ്പം എത്തിയതിനെ തുടർന്നാണ് ബൗണ്ടറികൾ കൂടുതൽ നേടിയ ഇംഗ്ലണ്ട് ചാമ്പ്യന്മാരായത്. വലിയ വിവാദങ്ങൾക്ക് വഴിവെച്ച ഈ നിയമം അതിന് ശേഷം ഐസിസി എടുത്തുമാറ്റുകയും നോക്കൗട്ട് മത്സരങ്ങളിൽ റിസൽട്ട് ഉണ്ടാകുന്നത് വരെ സൂപ്പർ ഓവർ നീളുമെന്ന നിയമം കൊണ്ടുവരികയും ചെയ്തു.

ഈ മത്സരത്തിൽ ബൗണ്ടറിയിലും ഇംഗ്ലണ്ടിനെ പിന്നിലാക്കികൊണ്ടാണ് ന്യൂസിലൻഡ് വിജയം കുറിച്ചത്. ഇംഗ്ലണ്ട് 26 ബൗണ്ടറി നേടിയപ്പോൾ ന്യൂസിലൻഡ് 38 ബൗണ്ടറി മത്സരത്തിൽ അടിച്ചുകൂട്ടി.

മത്സരത്തിലെ തോൽവി ടൂർണമെൻ്റ് പുരോഗമിക്കുമ്പോൾ വലിയ തിരിച്ചടി തന്നെ ഇംഗ്ലണ്ടിന് സമ്മാനിക്കും. തോൽവിയുടെ ഇംഗ്ലണ്ടിൻ്റെ നെറ്റ് റൺ റേറ്റ് – 2 നും താഴെയാണ്. വലിയ വിജയങ്ങൾ കരസ്ഥമാക്കിയാൽ മാത്രമെ ഈ തോൽവിയിൽ നിന്നും കരകയറാൻ ഇംഗ്ലണ്ടിന് സാധിക്കൂ.