Skip to content

അവർക്ക് ലഭിക്കാത്ത അവസരമാണ് എനിക്ക് ലഭിച്ചത് ! ഇന്ത്യൻ ക്യാപ്റ്റനാകാൻ വൈകിയതിനെ കുറിച്ച് രോഹിത് ശർമ്മ

ഇന്ത്യൻ ക്യാപ്റ്റൻസി ഏറെ വൈകി തൻ്റെ കൈകളിൽ എത്തിയതിൽ പ്രതികരണവുമായി ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. കഴിഞ്ഞ വർഷമാണ് മൂന്ന് ഫോർമാറ്റിലും രോഹിത് ശർമ്മ ഇന്ത്യൻ ക്യാപ്റ്റനായത്. ധോണിയും കോഹ്ലിയും തങ്ങളുടെ 20 കളിൽ തന്നെ ക്യാപ്റ്റന്മാരായപ്പോൾ കരിയറിൻ്റെ അവസാന ഘട്ടത്തിലാണ് ഹിറ്റ്മാനെ ക്യാപ്റ്റൻസി തേടിയെത്തിയത്.

കരിയറിൻ്റെ പീക്ക് ടൈമിൽ തന്നെ ക്യാപ്റ്റൻസി ലഭിക്കാനാണ് ഏവരുടെയും ആഗ്രഹമെങ്കിലും ക്യാപ്റ്റൻ സ്ഥാനം വൈകിലഭിച്ചതിൽ തെറ്റില്ലെന്ന് രോഹിത് ശർമ്മ തുറന്നുപറഞ്ഞു. ഒരുപാട് വലിയ താരങ്ങൾക്ക് ലഭിക്കാത്ത അവസരമാണ് തനിയ്ക്ക് ലഭിച്ചിരിക്കുന്നതെന്നും രോഹിത് ശർമ്മ പറഞ്ഞു.

” തീർച്ചയായും 26-27 വയസ്സിൽ തന്നെ ക്യാപ്റ്റൻസി ലഭിക്കാനാണ് ഏവരുടെയും ആഗ്രഹം. പക്ഷേ എല്ലായ്പോഴും ആഗ്രഹിച്ചതുപോലെ നടക്കുകയില്ല. ഇന്ത്യൻ ക്യാപ്റ്റൻസിയെ കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. നമുക്ക് ഒരുപാട് മികച്ച താരങ്ങൾ ഉണ്ട്. ക്യാപ്റ്റനാകാൻ അർഹതയുള്ള ഒരുപാട് താരങ്ങൾ ഉണ്ടായിരുന്നു. ഞാൻ എൻ്റെ ഊഴത്തിനായി കാത്തിരിക്കേണ്ടിവന്നു. അത് തികച്ചും ന്യായമാണ്. എനിക്ക് മുൻപ് കോഹ്ലിയായിരുന്നു അതിന് മുൻപ് ധോണിയും. ”

” പക്ഷേ ക്യാപ്റ്റൻസി നഷ്ടമായവരുടെ പേരുകൾ നോക്കൂ. ഗംഭീർ, സെവാഗ് … യുവരാജ് സിങിനെ മറക്കരുത്. യുവി ഇന്ത്യയുടെ മാച്ച് വിന്നറായിരുന്നു. പക്ഷേ ഒരിക്കലും അവൻ ഇന്ത്യൻ ക്യാപ്റ്റനായിട്ടില്ല. അതിനുള്ള എല്ലാ അർഹതയും അവനുണ്ടായിരുന്നു. അതാണ് ജീവിതം. എനിക്കിപ്പോഴാണ് അവസരം ലഭിച്ചത്. പിന്നെ ക്യാപ്റ്റൻസിയുടെ Abcd അറിയുന്നതിന് മുൻപേ ക്യാപ്റ്റൻസി ലഭിക്കുന്നതിലും നല്ലതാണ് എങ്ങനെ നയിക്കേണ്ടതെന്ന ഉത്തമ ധാരണയുള്ളപ്പോൾ ക്യാപ്റ്റൻസി ലഭിക്കുന്നത്. ” രോഹിത് ശർമ്മ പറഞ്ഞു.