Skip to content

പാകിസ്ഥാനെ അവർ തോൽപ്പിക്കണം!! തൻ്റെ ആഗ്രഹം പങ്കുവെച്ച് വീരെന്ദർ സെവാഗ്

ഈ ലോകകപ്പിൽ ഇന്ത്യൻ ടീം അട്ടിമറികൾ നേരിടാൻ താൻ ആഗ്രഹിക്കുന്നില്ലയെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. അഫ്ഗാനിസ്ഥാനും നെതർലൻഡ്സും അടക്കമുള്ള ടീമുകൾ മത്സരിക്കുമ്പോൾ ഇക്കുറി വലിയ അട്ടിമറികൾ ഉണ്ടാകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. ഈ ലോകകപ്പിൽ താൻ ആഗ്രഹിക്കുന്ന അട്ടിമറി വിജയം ഏതാണെന്നും സെവാഗ് വ്യക്തമാക്കി.

ഒക്ടോബർ അഞ്ചിന് ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസിലൻഡും തമ്മിലുള്ള പോരാട്ടത്തോടെയാണ് ലോകകപ്പ് ആരംഭിക്കുന്നത്. ഈ ലോകകപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരായ റെക്കോർഡ് നിലനിർത്തണമെന്നാണ് തൻ്റെ ആഗ്രഹമെന്നും കൂടാതെ പാകിസ്ഥാനെതിരെ അഫ്ഗാനിസ്ഥാൻ വിജയിച്ചുകാണാനും താൻ ആഗ്രഹിക്കുന്നതായി സെവാഗ് പറഞ്ഞു.

” ലോകകപ്പിൽ പാകിസ്ഥാനെതിരായ ഇന്ത്യയുടെ റെക്കോർഡ് അത്ഭുതകരമാണ്. പ്രത്യേകിച്ചും ഏകദിന ലോകകപ്പിൽ. അവർക്കെതിരെ ഇതുവരെ ഒരു മത്സരം പോലും നമ്മൾ പരാജയപെട്ടിട്ടില്ല. ആ റെക്കോർഡ് തുടരുമെന്നാണ് എൻ്റെ പ്രതീക്ഷ. പാകിസ്ഥാൻ ടീം ശക്തരാണ്. പക്ഷേ അവരെ ലോകകപ്പിൽ നമ്മൾ അനായാസം പരാജയപെടുത്തി. ”

” ഇക്കുറി അമ്പരിപ്പിക്കുന്ന വിജയങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പാണ്. അതിൽ നിന്നും ഇന്ത്യയെ ഞാൻ ഒഴിച്ചുനിർത്തുന്നു. അമ്പരപ്പ് ഉണ്ടാകണമെങ്കിൽ അത് അഫ്ഗാനിസ്ഥാൻ പാകിസ്ഥാനെ പരാജയപെടുത്തണം. അപ്പോൾ ഈ ലോകകപ്പ് കൂടുതൽ ആവേശകരമാകും. ” സെവാഗ് പറഞ്ഞു.