Skip to content

അശ്വിൻ്റെ അപരനെ വീണ്ടും ടീമിലേക്ക് ക്ഷണിച്ച് ഓസ്ട്രേലിയ !! ഓഫർ നിരസിച്ച് യുവതാരം

ഐസിസി ഏകദിന ലോകകപ്പ് ആരംഭിക്കുവാൻ ഇനി ഏതാനും ദിവസം മാത്രം ശേഷിക്കെ അവസാന ഘട്ട തയ്യാറെടുപ്പിലാണ് എല്ലാ ടീമുകളും. എതിർടീമിലെ താരങ്ങളെ നേരിടാനുള്ള പ്ലാനുകൾ ഓരോ ടീമുകളും തയ്യാറാക്കികഴിഞ്ഞു. ഇതിനിടെ ഇന്ത്യൻ താരം അശ്വിനെ നേരിടാനായി അശിൻ്റെ അപരനായ ഇന്ത്യൻ യുവതാരത്തെ ടീമിലെത്തിക്കാനുള്ള ശ്രമം നടത്തിയിരിക്കുകയാണ് ഓസ്ട്രേലിയ. പക്ഷേ മുൻ ചാമ്പ്യന്മാരുടെ ഈ ശ്രമം വിജയിച്ചില്ല.

ഇതിന് മുൻപ് ടെസ്റ്റ് പരമ്പരയിലെ അശ്വിനെ നേരിടാനുള്ള തയ്യാറെടുപ്പുനായി ബറോഡ താരം മഹേഷ് പിതിയയെ ഓസ്ട്രേലിയ നെറ്റ് ബൗളറായി ടീമിൽ എത്തിച്ചിരുന്നു. എന്നാൽ ഇക്കുറി ഓസ്ട്രേലിയൻ ടീമിൻ്റെ ഓഫർ സ്വീകരിക്കാൻ ബറോഡ താരം തയ്യാറായില്ല.

അശ്വിനെ ലോകകപ്പ് ടീമിൽ ഇന്ത്യ ഉൾപ്പെടുത്തിയതിന് പിന്നാലെയാണ് മഹേഷ് പതിയക്ക് ഓസ്ട്രേലിയ ഓഫർ നൽകിയത്. പക്ഷേ പരിശീലകനായി ഇക്കാര്യം ചർച്ച ചെയ്തതിന് ശേഷം ഇന്ത്യൻ താരം ഈ ഓഫർ നിരസിക്കുകയായിരുന്നു. അടുത്ത മാസം ആഭ്യന്തര സീസൺ തുടങ്ങാനിരിക്കെ അതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കോച്ച് തന്നോട് പറഞ്ഞതെന്നും അതുകൊണ്ട് തന്നെ ഓസ്ട്രേലിയൻ ക്യാംപിനൊപ്പം ചേരാൻ തനിക്കായില്ലയെന്നും മഹേഷ് പിതിയ പറഞ്ഞു.

അതിനിടെ കഴിഞ്ഞ ദിവസം തിരുവനന്തുരത്തു നടന്ന നെതർലൻഡ്സുമായുള്ള ഓസ്ട്രേലിയയുടെ സന്നാഹ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക് ഉൾപ്പടെയുള്ളവർ മികച്ച പ്രകടനമാണ് മത്സരത്തിൽ പുറത്തെടുത്തത്.