Skip to content

ഇതിപ്പോ ശീലമായിരിക്കുന്നു !! ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കപെട്ടതിനെ കുറിച്ച് ഇന്ത്യൻ താരം

ഐസിസി ഏകദിന ലോകകപ്പിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. മികച്ച ടീമിനെയാണ് പ്രഖ്യാപിച്ചതെങ്കിൽ കൂടിയും ഇന്ത്യൻ ടീമിൽ നിന്നും ചില താരങ്ങളെ ഒഴിവാക്കിയത് ആരാധകരിൽ അതൃപ്തി ഉണ്ടാക്കിയിരുന്നു. അതിൽ പ്രധാനപെട്ട താരങ്ങളിൽ ഒരാളായിരുന്നു സ്പിന്നർ യുസ്വെന്ദ്ര ചഹാൽ. ഇപ്പോഴിതാ ലോകകപ്പ് ടീമിൽ നിന്നും അവഗണിക്കപെട്ടതിനെ കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് ചഹാൽ.

ലോകകപ്പ് ടീമിലുണ്ടായിരുന്ന അക്ഷർ പട്ടേൽ പുറത്തായിട്ടും ചഹാലിനെ പരിഗണിക്കാൻ ഇന്ത്യ തയ്യാറായിരുന്നില്ല. ഒരു വർഷമായി ഏകദിനം കളിക്കാത്ത രവിചന്ദ്രൻ അശ്വിനെയാണ് ഇന്ത്യ പകരക്കാരനായി ടീമിൽ എത്തിച്ചത്. നേരത്തെ 2021 ടി20 ലോകകപ്പിൽ നിന്നും ഒഴിവാക്കപെട്ട താരത്തെ കഴിഞ്ഞ വർഷം ഓസ്ട്രേലിയയിൽ നടന്ന ലോകകപ്പിനുള്ള ടീമിൽ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും ഒരു മത്സരത്തിൽ പോലും താരത്തിന് അവസരം ലഭിച്ചില്ല.

ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കപെട്ടതിൽ തുടക്കത്തിൽ നിരാശ തോന്നിയെന്നും എന്നാൽ അവഗണന ഇപ്പോൾ തനിക്ക് ശീലമായെന്നും ചഹാൽ പ്രമുഖ ഇംഗ്ലീഷ് മാധ്യമത്തിനോട് പറഞ്ഞു.

” പതിനഞ്ച് താരങ്ങൾക്ക് മാത്രമേ ടീമിൻ്റെ ഭാഗമാകാനാകൂവെന്ന് എനിക്കറിയാം. കാരണം ഇത് ലോകകപ്പാണ്. 17 കളിക്കാരെയൊന്നും ടീമിൽ ഉൾപ്പെടുത്താനാകില്ല. ”

” എനിക്കാദ്യം വിഷമം തോന്നിയിരുന്നു. പക്ഷേ മുന്നോട്ട് പോവുകയാണ് എൻ്റെ ലക്ഷ്യം. ഇതിപ്പോൾ മൂന്ന് ലോകകപ്പായി ! ഞാനിത് ശീലമാക്കിയിരിക്കുന്നു. ” ചഹാൽ പറഞ്ഞു.

ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കപെട്ടതിന് പുറകെ കൗണ്ടി ക്രിക്കറ്റിൽ താരം കരാറിൽ ഏർപ്പെട്ടിരുന്നു. ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റിൽ കളിക്കുകയെന്നത് തൻ്റെ ലക്ഷ്യമാണെന്നും ഇംഗ്ലണ്ടിൽ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ചഹാൽ പറഞ്ഞു.