Skip to content

ഇതെൻ്റെ അവസാന ലോകകപ്പ് !! ഇത് ആസ്വദിക്കുകയാണ് എൻ്റെ ലക്ഷ്യം : ഇന്ത്യൻ സീനിയർ താരം

അപ്രതീക്ഷിതമായാണ് ഈ ഐസിസി ലോകകപ്പിൽ രവിചന്ദ്രൻ അശ്വിൻ ഇന്ത്യൻ ടീമിൽ ഇടം നേടിയത്. ലോകകപ്പിനുള്ള സാധ്യത ലിസ്റ്റിൽ പോലും ഇല്ലായിരുന്ന താരം അക്ഷർ പട്ടേലിന് പരിക്ക് പറ്റിയതോടെയാണ് ടീമിൽ ഇടംപിടിച്ചത്. എന്നാൽ ഇത് തൻ്റെ അവസാന ലോകകപ്പായിരിക്കുമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് രവിചന്ദ്രൻ അശ്വിൻ.

ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ അക്ഷർ പട്ടേലിന് പരിക്ക് പറ്റിയതോടെ അശ്വിന് ഇന്ത്യൻ ടീമിലേക്കുള്ള വഴിതെളിഞ്ഞത്. ഫൈനലിനായി അശ്വിനെയാണ് ആദ്യം സമീപിച്ചതെങ്കിലും ഏഷ്യ കപ്പ് ഫൈനലിൽ കളിക്കാൻ താരം വിസമ്മതിക്കുകയും വാഷിങ്ടൺ സുന്ദരിനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തു. പിന്നീട് ചില ക്ലബ്ബ് മത്സരങ്ങൾ കളിച്ച ശേഷമാണ് ഓസ്ട്രേലിയക്കെതിരായ പരമ്പരയിലൂടെ അശ്വിൻ തിരിച്ചെത്തുകയും മികച്ച പ്രകടനം തന്നെ കാഴ്ച്ചവെയ്ക്കുകയും ചെയ്തത്.

” ജീവിതം സർപ്രൈസുകൾ നിറഞ്ഞതാണ്. സത്യം പറഞ്ഞാൽ ഇവിടെ ഞാൻ ഉണ്ടാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. സാഹചര്യങ്ങളാണ് എന്നെ ഇവിടെ എത്തിച്ചത്. ടീം മാനേജ്മെൻ്റ് എന്നിൽ വിശ്വാസം പ്രകടിപ്പിച്ചു. “

” സമ്മർദ്ദത്തെ അതിജീവിക്കുകയാണ് ഈ ലോകകപ്പിലെ പ്രധാനപെട്ട കാരൃം. ടൂർണമെൻ്റ് തന്നെ നിർണയിക്കുന്നത് സമ്മർദ്ദത്തെ എങ്ങനെ കൈകാരൃം ചെയ്യുന്നുവെന്നത് അനുസരിച്ചായിരിക്കും. ഇന്ത്യയ്ക്ക് വേണ്ടിയുള്ള എൻ്റെ അവസാന ലോകകപ്പായിരിക്കും ഇത്. അതിനാൽ തന്നെ ഈ ടൂർണമെൻ്റ് ആസ്വദിക്കുകയെന്നതാണ് എന്നെ സംബന്ധിച്ച് പ്രധാനപെട്ട കാര്യം. ” ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിന് മുൻപായി അശ്വിൻ പറഞ്ഞു.