Skip to content

ഇന്ത്യയല്ല !! ലോകകപ്പ് കിരീട സാധ്യതയിൽ മുന്നിലുള്ളത് അവരാണ് !! പ്രവചനവുമായി സുനിൽ ഗാവസ്കർ

ഐസിസി ഏകദിന ലോകകപ്പ് ആവേശപോരാട്ടത്തിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ലോകകപ്പിന് മുന്നോടിയായ സന്നാഹ മത്സരത്തിൽ ഇന്ന് ഇംഗ്ലണ്ടിനെ നേരിടാൻ ഒരുങ്ങുകയാണ് ഇന്ത്യ. അതിനിടെ ഈ ലോകകപ്പിൽ കിരീട സാധ്യത ഏത് ടീമിനാണെന്ന് പ്രവചിച്ചിരിക്കുകയാണ് ഇതിഹാസ താരം സുനിൽ ഗവാസ്‌കർ.

ഐസിസി ഏകദിന റാങ്കിങിൽ ഒന്നാം സ്ഥാനത്താണെങ്കിൽ കൂടിയും ഇന്ത്യയെയല്ല ഗവാസ്കർ ഫേവറിറ്റ്സുകളായി തിരഞ്ഞെടുത്തിരിക്കുന്നത്. ഐസിസി റാങ്കിങിൽ അഞ്ചാം സ്ഥാനക്കാരും നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനാണ് ഇക്കുറിയും കിരീട സാധ്യതയെന്ന് പ്രവചിച്ച ഗവാസ്കർ തൻ്റെ അഭിപ്രായത്തിന് പിന്നിലെ കാരണവും വ്യക്തമാക്കി.

നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് തന്നെയാണ് ഇക്കുറിയും മുൻപിലുള്ളതെന്നും അതിന് കാരണം ടോപ്പ് ഓർഡറിലും ബാറ്റിങ് നിരയിലുമുള്ള അവരുടെ കഴിവാണെന്നും ബാറ്റ് കൊണ്ടും പന്ത് കൊണ്ടും മത്സരം മാറ്റിമറിക്കാൻ സാധിക്കുന്ന രണ്ടോ മൂന്നോ ലോകോത്തര ഓൾ റൗണ്ടർമാർ ഇംഗ്ലണ്ടിന് ഉണ്ടെന്നും അതിനൊപ്പം തന്നെ പരിചയസമ്പന്നമായ ബൗളിംഗ് നിര അവർക്കുണ്ടെന്നും സുനിൽ ഗാവസ്കർ തുറന്നുപറഞ്ഞു.

ലോകകപ്പിൽ ഇന്ത്യയുടെ പ്രകടനം കാണുവാൻ താൻ കാത്തിരിക്കുകയാണെന്നും ഏഷ്യ കപ്പിലും ഓസ്ട്രേലിയക്കെതിരായ പരമ്പരയിലും അടക്കം മികച്ച പ്രകടനം തന്നെ ഇന്ത്യ പുറത്തെടുത്തിരുന്നുവെന്നും മൊഹമ്മദ് ഷാമിയെ പോലെയൊരു പേസർ പുറത്തിറക്കിരിക്കേണ്ടി വരുന്നത് തന്നെ ഇന്ത്യയുടെ ശക്തി പ്രകടമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.