Skip to content

ഇന്ത്യയ്ക്കെതിരായ പ്രകടനം തുണയായി ! സൂപ്പർതാരത്തെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തി ഓസ്ട്രേലിയ

ഐസിസി ഏകദിന ലോകകപ്പിനുള്ള അന്തിമ ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പര അവസാനിച്ചതിന് പുറകെയാണ് ഇന്ത്യ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.

ആദ്യം പ്രഖ്യാപിച്ച ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കപെട്ടിരുന്ന യുവ സൂപ്പർതാരം മാർനസ് ലാബുഷെയ്നെ ഓസ്ട്രേലിയ അന്തിമ ടീമിൽ ഉൾപ്പെടുത്തി. ഓൾ റൗണ്ടർ ആഷ്ടൻ അഗർ പരിക്കേറ്റ് പുറത്തായതോടെ മാർനസ് ലാബുഷെയ്ന് ഓസ്ട്രേലിയ അവസരം നൽകിയിരിക്കുന്നത്. സൗത്താഫ്രിക്കയ്ക്കെതിരെയും ഇന്ത്യയ്ക്കെതിരെയും നടന്ന പരമ്പരകളിൽ തിളങ്ങുവാൻ മാർനസിന് സാധിച്ചിരുന്നു.

സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ ട്രാവിസ് ഹെഡിനെ ഓസ്ട്രേലിയ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സന്നാഹ മത്സരങ്ങളും ലോകകപ്പിലെ ആദ്യ ഘട്ട മത്സരവും താരത്തിന് നഷ്ടമാകും.

ലോകകപ്പിലെ മധ്യ ഘട്ടത്തിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയോടെയാണ് ഹെഡിനെ ഓസ്ട്രേലിയ ടീമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അഗർ പുറത്തായതോടെ ഗ്ലെൻ മാക്സ്വെല്ലായിരിക്കും സാംപയ്ക്കൊപ്പം ടീമിലെ രണ്ടാം സ്പിന്നർ. ഒക്ടോബർ എട്ടിന് ഇന്ത്യയ്ക്കെതിരെയാണ് ഓസ്ട്രേലിയയുടെ ആദ്യ മത്സരം. അതിന് മുൻപായി തിരുവനന്തപുരത്തും ഹൈദരാബാദിലും ഓസ്ട്രേലിയ സന്നാഹ മത്സരങ്ങൾ കളിക്കും.

ലോകകപ്പിനുള്ള ഓസ്ട്രേലിയൻ ടീം :

പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), സീൻ അബോട്ട്, അലക്സ് കാരി, കാമറോൺ ഗ്രീൻ, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാർനസ് ലാബുഷെയ്ൻ, മിച്ചൽ മാർഷ്, ഗ്ലെൻ മാക്സ്വെൽ, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, മാർക്കസ് സ്റ്റോയിനിസ്, ഡേവിഡ് വാർണർ, ആദം സാംപ