Skip to content

ഓരോ നിമിഷവും ലഭിക്കുന്നത് കോടികൾ !! എന്നിട്ടും പ്രൈസ് മണി ഉയർത്താതെ ഐസിസി

ഐസിസി ഏകദിന ലോകകപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ക്രിക്കറ്റിലെ വമ്പൻ ടീമുകൾ മാറ്റുരയ്ക്കുന്ന ആവേശപൂരത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകരുള്ളത്. എന്നാൽ അതിനിടെ പങ്കെടുക്കുന്ന ടീമുകൾക്ക് ഐസിസിയിൽ നിന്നും നിരാശപെടുത്തുന്ന സമീപനമാണ് ഉണ്ടായിരിക്കുന്നത്. വരുമാനം കൂടിയിട്ടും ലോകകപ്പ് പ്രൈസ് മണിയിൽ യാതൊരു മാറ്റവും ഐസിസി വരുത്തിയിട്ടില്ല.

ഫിഫ അടക്കമുള്ള സ്പോർട്സ് ബോഡികൾ പ്രൈസ് മണി വർധിപ്പിക്കുമ്പോൾ കഴിഞ്ഞ ലോകകപ്പിലെ പ്രൈസ് മണി അതേപ്പടി നിലനിർത്തിയിരിക്കുകയാണ് ഐസിസി.

10 മില്യൺ യു എസ് ഡോളറാണ് ലോകകപ്പിലെ ടോട്ടൽ പ്രൈസ് പൂൾ. ഇതിൽ നാല് മില്യൺ വിജയിക്കുന്ന ടീമിനും രണ്ട് മില്യൺ റണ്ണറപ്പാകുന്ന ടീമിനും ലഭിക്കും. കഴിഞ്ഞ ലോകകപ്പിലും ഇതേ പ്രൈസ് മണിയാണ് ഐസിസി നൽകിയിരുന്നത്.

ലോകകപ്പ് മീഡിയ റൈറ്റ്സ് ലേലത്തിലൂടെ ഇന്ത്യയിൽ നിന്നും മാത്രം ഓരോ മത്സരത്തിലും 150 കോടിയിലധികം ഐസിസിയ്ക്ക് ലഭിക്കുന്നുണ്ട്. എന്നിട്ടും ഒരു മത്സരത്തിൻ്റെ മീഡിയ റൈറ്റ്സ് വരുമാനം പോലും ഐസിസി പ്രൈസ് മണിയ്ക്കായി മാറ്റിവെച്ചിട്ടില്ല. ഇത് കൂടാതെ ടിക്കറ്റ് വിൽപ്പന, സ്പോൺസർഷിപ്പ്, മറ്റു പരസ്യ വരുമാനം എന്നിവയിലൂടെ തന്നെ കോടികൾ ഐസിസിയ്ക്ക് ലഭിക്കുന്നുമുണ്ട്.

2025 ൽ നടക്കുന്ന വനിതാ ലോകകപ്പിനും ഇതേ പ്രൈസ് മണി തന്നെ ലഭിക്കുമെന്ന് ഐസിസി വ്യക്തമാക്കിയിട്ടുണ്ട്. ഇത് കൂടാതെ ടി20 ലോകകപ്പ്, ഐസിസി ചാമ്പ്യൻസ് ട്രോഫി തുടങ്ങി നിരവധി ഐസിസി ടൂർണമെൻ്റുകൾ അടുത്ത വർഷങ്ങളിൽ നടക്കാനിരിക്കുകയാണ്.