Skip to content

സഞ്ജുവിനെ ഒഴിവാക്കിയത് ശരിയായ തീരുമാനം !! ആരാധകരെ ഞെട്ടിച്ച് ശ്രീശാന്തിൻ്റെ പ്രസ്താവന

ഐസിസി ഏകദിന ലോകകപ്പിന് പുറകെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലും സഞ്ജുവിനെ ഒഴിവാക്കിയ തീരുമാനത്തെ നിരാശയോടെയാണ് ആരാധകർ നോക്കികണ്ടത്. ഇർഫാൻ പത്താൻ അടക്കമുള്ളവർ സഞ്ജുവിനെ അവഗണിക്കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ സഞ്ജുവിനെ ഒഴിവാക്കിയതിൽ യാതൊരു തെറ്റുമില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത്.

ലോകകപ്പ് ടീമിൽ നിന്നും സഞ്ജുവിനെ ഒഴിവാക്കിയത് ശരിയായ തീരുമാനം തന്നെയാണെന്നും ആ വസ്തുത സഞ്ജു മനസ്സിലാക്കണമെന്നും കൂടാതെ ഗവാസ്കറും രവി ശാസ്ത്രിയും അടക്കമുള്ള ഇതിഹാസങ്ങൾ നൽകുന്ന നിർദേശങ്ങൾ ചെവികൊള്ളണമെന്നും സഞ്ജുവിന് സ്ഥിരമായി അവസരങ്ങൾ ബിസിസിഐ നൽകിയിട്ടുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.

” അത് ശരിയായ തീരുമാനമായാണ് എനിക്ക് തോന്നുന്നത്. അക്കാര്യം അവനും മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ഗവാസ്കർ മുതൽ രവി ശാസ്ത്രി വരെയുള്ളവർ അവനെ ഉയർന്ന തലത്തിൽ വിലയിരുത്തുന്നു. അവൻ്റെ കഴിവിൽ യാതൊരു സംശയവുമില്ല. പക്ഷേ അവൻ്റെ സമീപനം… പിച്ചിന് അനുസരിച്ച് കളിക്കാൻ എല്ലാവരും ആവശ്യപെട്ടപ്പോഴും അവനത് അനുസരിച്ചില്ല. അവൻ്റെ ആ മനോഭാവവും സമീപനവും മാറേണ്ടതുണ്ട്. കളിയിലെ ഇതിഹാസങ്ങൾ പറയുമ്പോൾ നിങ്ങളത് അനുസരിക്കണം. അടുത്തിടെ കണ്ടപ്പോഴും അതുതന്നെയാണ് ഞാൻ അവനോട് പറഞ്ഞത്. ”

” അവനെ പിന്തുണയ്ക്കുന്ന ഞാൻ അടക്കമുള്ള മലയാളികൾ പറയുന്നത് അവന് വേണ്ടത്ര അവസരം ലഭിക്കുന്നില്ല എന്നാണ്. പക്ഷേ അത് ശരിയല്ല. അയർലൻഡിനെതിരെയും ശ്രീലങ്കയ്ക്കെതിരെയും അവന് തുടർച്ചയായ അവസരങ്ങൾ ലഭിച്ചു. കഴിഞ്ഞ 10 വർഷമായി അവൻ ഐ പി എൽ കളിക്കുന്നു. അവനിപ്പോൾ ക്യാപ്റ്റനും കൂടിയാണ്. മൂന്ന് സെഞ്ചുറികൾ അവൻ്റെ പേരിലുണ്ട്. പക്ഷേ ഇതുവരെയും അവൻ സ്ഥിരത പുലർത്തിയിട്ടില്ല. നിങ്ങൾ റിഷഭ് പന്തിനെ നോക്കൂ. അവൻ സ്റ്റേറ്റ് ടീമിനായി സ്ഥിരത പുലർത്തിയിട്ടുണ്ട്. ” ശ്രീശാന്ത് കൂട്ടിചേർത്തു.