Skip to content

ചിലരങ്ങനെയാണു, പച്ച പുൽത്തകിടിക്കു മീതെ ഒരപ്പൂപ്പൻ താടി പോലെ പാറി നടക്കും.

മറ്റു കളിക്കാർക്കരികിൽ ക്ഷണനേരം കൊണ്ടെത്തും ചിരിക്കുന്ന മുഖവുമായി എന്നിട്ടവരിൽ ഊർജ്ജം നിറക്കും. ഒരിക്കലും അവർ തന്റെ വ്യക്തിഗതനേട്ടങ്ങളെയോർത്ത്‌ വ്യാകുലപ്പെടാറില്ലാ, എന്നാലൊ മറ്റു കളിക്കാരുടെ നേട്ടങ്ങൾ അവരേക്കാൾ നന്നായി അവർ ആഘോഷിക്കും.

അവരുടെ സാന്നിധ്യം തന്നെ ആ ടീമിനൊരു കരുത്താണു, അവരുടെ ചലനങ്ങൾ പോലും മറ്റുള്ളവരെ സന്തോഷിപ്പിക്കാനും ആത്മവിശ്വാസമേകാനുമുള്ളതാവും.ആ ഒരു ജനു സ്സിൽ പെട്ട ഒരു കളിക്കാരനാണു സുരേക്ഷ്‌ റെയിന. നമ്മൾ കണ്ടതിൽ ഏറ്റവും നിസ്സ്വാർത്ഥരായ കളിക്കാരിലൊരാൾ. ടീമിനു മീതെ അയാൾക്കു മറ്റൊന്നും ഇല്ലാ, സ്വന്തം നേട്ടങ്ങളെക്കുറിച്ച്‌ അയാൾ ചിന്തിക്കാറുപോലുമില്ലാ എന്നു തോന്നുന്നു. പലപ്പോഴും അയാളുടെ പ്രകടനങ്ങൾ പലരുടേയും നിഴലിൽ ആകാറും ഉണ്ട്‌.

സെഞ്ച്വറികളേക്കാൾ വില മതിക്കുന്ന 30 കളും 40 കളും ചിലപ്പോൾ നമ്മൾ ഓർത്തുവെന്നു വരില്ലാ. എത്ര പേർ അയാൾ 2011 ലോകകപ്പ്‌ നിർണ്ണായക ഘട്ടത്തിൽ ക്വാർട്ടർ ഫൈനലിൽ നേടിയ ആ 34 റൺസ്‌ ഓർക്കുന്നു ?? സെമിഫൈനലിൽ ക്ഷമയോടെ നേടിയ ആ 39 ഓർക്കുന്നു ??

അങ്ങനെ നിർണ്ണായക ഘട്ടത്തിൽ അയാൾ എത്ര എത്ര പൂത്തിരി കത്തുന്ന പോലത്തെ ചെറു ഇന്നിംഗ്സുകൾ കളിച്ച്‌ സ്വന്തം ടീമിനെ രക്ഷിച്ചിട്ടുണ്ട്‌. ധോണി അയാൾക്ക്‌ ഒരു ഏട്ടനെപ്പോലെയാണെന്ന് തോന്നിയിട്ടുണ്ട്‌. അവർ ഒരുമിച്ച്‌ എത്ര എത്ര കളികൾ ഇന്ത്യക്ക്‌ വേണ്ടി നേടി. ധോണി-റെയിന കൂട്ടുകെട്ടിനേക്കാൾ മികച്ച ഒരു കൂട്ടുകെട്ട്‌ മധ്യനിരയിൽ ഇന്ത്യക്കുണ്ടായിട്ടുണ്ടൊ സംശയമാണു. റെയിനയോടൊത്ത്‌ കളിക്കാൻ എന്നും ധോണിക്കിഷ്ടമായിരുന്നു, കാരണം അയാളുടെ ആക്രമണത്തിൽ ഊന്നിയ ബാറ്റിംഗ്‌ ശൈലി ധോണിക്ക്‌ കളിക്കനുസരിച്ച്‌ ബാറ്റ്‌ ചലിപ്പിക്കാനും സമ്മർദ്ദം കുറക്കാനും ഉപകാരപ്പെട്ടിരുന്നു. എന്നും ധോണിയുടെ നിഴലായി നിൽക്കാൻ അയാളും ഇഷ്ടപ്പെട്ടിരുന്നു.

കുട്ടിക്രിക്കറ്റിന്റെ കാര്യമെടുത്താൽ അതിലെ ഒരു കുഞ്ഞു രാജകുമാരൻ തന്നെയാണു റെയിന. ചെന്നയിയുടെ മഞ്ഞക്കുപ്പായമണിഞ്ഞാൽ ഒന്നും അസാധ്യമല്ല എന്നയാൾക്ക്‌ തോന്നും. അത്‌ കൊണ്ട്‌ തന്നെയാണു മിസ്റ്റർ ഐ പി എൽ എന്ന പേരു വീണതും. സാങ്കേതികമായി അയാൾക്ക്‌ ഒരുപാട്‌ പോരായ്മകൾ ഉണ്ട്‌. ഷോട്ട്‌ പിച്ച്‌ പന്തുകളോടുള്ള ദൗർബല്ല്യം പലപ്പോഴും വിമർശ്ശിക്കപ്പെട്ടതുമാണു. എങ്കിലും കളി അഴക്‌ ഒട്ടും കുറവല്ല അയാളുടെ ബാറ്റിംഗിനു.

ഇൻസൈഡ്‌ ഔട്ട്‌ ഷോട്ടുകളും, ബോളറുടെ തലക്കു മീതെ പായിക്കുന്ന കൂറ്റൻ സിക്സറുകളും, മനോഹരമായ കവർ ഡ്രൈവുകളും, ഫ്ലിക്കുകളുമൊക്കെയായി സമ്പന്നമാണു അയാളുടെ ബാറ്റിംഗ്‌. നിർണ്ണായക ഘട്ടത്തിൽ ബ്രേക്ക്‌ ത്രൂകൾ നൽകാൻ അയാളുടെ വിക്കറ്റ്‌ റ്റു വിക്കറ്റ്‌ കൃത്യതയാർന്ന ബോളിംഗും സഹായിക്കാറുണ്ട്‌. പിന്നെ ഫീൽഡിംഗിന്റെ കാര്യം പറയേണ്ടതുണ്ടൊ ?? ബൗണ്ടറിയെന്നുറച്ച പല ഷോട്ടുകളും അയാൾ ഒരു കഴുകനെപ്പോലെ പറന്ന് കൈപ്പിടിയിലൊതുക്കിക്കളയും. എത്ര എത്ര അസാധാരണവും അമാനുഷികവുമായ ക്യാച്ചുകൾ നമ്മൾ കണ്ടു. സമീപ കാലത്തെ മോശം പ്രകടനം കാരണം ടീമിലെ സ്ഥാനം നഷ്ടമായെങ്കിലും, അയാൾ ചെറുപ്പമാണിപ്പോഴും അയാൾ തിരിച്ചു വരുമെന്നെനിക്കുറപ്പുണ്ട്‌.

തിരിച്ചു വന്നയാൾ ബാറ്റ്‌ കൊണ്ടും ബോളു കൊണ്ടും ഫീൽഡിംഗ്‌ കൊണ്ടും അയാളുടെ കുസൃതികൾ കൊണ്ടു നമ്മെ രസിപ്പിക്കുമെന്നെനിക്കുറപ്പാണു.
-കൃപൽ ഭാസ്ക്കർ