Skip to content

ആരുടെയൊക്കെയൊ നിഴലിൽ നിന്നു ചിലർ പുറത്തുവരും, ശരാശരിക്കാരുടെ ഒരു കൂട്ടത്തിൽ നിന്നു , ഇതിഹാസങ്ങൾക്ക്‌ മാത്രം അവകാശപ്പെട്ട ഒരു വെള്ളി വെളിച്ചത്തിലേക്ക്‌ അവരുയരും.

അവൻ ലക്ഷത്തിലൊരുത്തനാണെന്ന് ലോകത്തിനു മനസ്സിലാകുന്നൊരു ദിവസം. പണ്ട്‌ പെർത്തിൽ സച്ചിൻ എന്ന സൂര്യൻ ഉദിച്ചുയർന്നപോലെ, സിഡ്നിയിൽ ലക്ഷ്മൺ നിഴലുകളിൽ നിന്ന് പുറത്തു വന്നത്‌ പോലെ അങ്ങനെ അങ്ങനെ.. കാലം അവർക്കൊരു അരങ്ങൊരുരുക്കും, അങ്ങനെ അവനും കാലം അരങ്ങൊരുക്കി.ഓസ്ത്രേലിയിൽ ഒരുപാട്‌ ചരിത്രമുറങ്ങുന്ന ഓവലിലെ പുൽത്തകിടികൾക്കിടികൾക്കിടയിലെ 22 വാര നീളമുള്ള ഒരരങ്ങ്‌.. അവൻ കളത്തിലിറങ്ങുമ്പോൾ ലക്ഷ്യം ഏറെ അകലെയായിരുന്നു. സാക്ഷാൽ സച്ചിനും സെവാഗും ഒരു മികച്ച തുടക്കം നൽകി പവലിയനിലേക്ക്‌ മടങ്ങിയിരുന്നു.

321 എന്ന ലക്ഷ്യം ക്രിക്കറ്റിൽ അന്നസാധ്യമായിരുന്നില്ലാ, എന്നാൽ ടൂർണ്ണമെന്റിൽ ടീമിനു ഫൈനലിൽ കടക്കണമെങ്കിൽ 40 ഓവറിൽ 321 റൺസ്‌ വേണമായിരുന്നു. ഒരു അസാമാന്യമായ ഒരു പ്രകടനം തന്നെ വേണമായിരുന്നു ആ ലക്ഷ്യം നേടാൻ. എന്നാൽ ആ 23 കാരനു ഒരു പതർച്ചയൊ ഇടർച്ചയൊ ഉണ്ടായിരുന്നില്ലാ. ഇതിനുമുമ്പും അവൻ പലകുറി കഴിവ്‌ തെളിയിച്ചതാണു, എന്നാൽ അതിനൊന്നും അസാമാന്യതയുടെ പകിട്ടില്ലായിരുന്നു. അവനും തോന്നിയിരിക്കണം ഈയൊരവസരം മുതലാക്കിയാൽ നാളെ ഈ ക്രിക്കറ്റ്‌ ലോകം ചുറ്റുന്നത്‌ അവനു ചുറ്റുമായിരിക്കുമെന്നു. കാരണം മറ്റൊരു സൂര്യൻ അസ്തമയത്തിന്റെ വക്കിലായിരുന്നു. അവൻ വന്ന പാടെ നയം വ്യക്തമാക്കി പന്ത്‌ ശ്രീലങ്കൻ മതിലുകൾക്കിടയിലെ വിടവുകളിലൂടെ ബൗണ്ടറി കടന്നു കൊണ്ടിരുന്നു.

അയാളുടെ കൈക്കുഴ വ്യത്യസ്ത ദിശയിൽ കറങ്ങിക്കൊണ്ടിരുന്നു പന്ത്‌ ആ ബാറ്റിൽ സ്പർശ്ശിച്ച മാത്രയിൽ നീളൻ ബൗണ്ടറിയിലേക്ക്‌ ഒരു കിതപ്പുമില്ലാതെ ഓട്ടം തുടർന്നു. വിക്കറ്റുകൾക്കിടയിൽ അവന്റെ ഓട്ടത്തിനേക്കാൾ വേഗത്തിൽ ഇന്ത്യയുടെ സ്ക്കോർ ബോർഡ്‌ ചലിച്ചു. അന്നത്തെ ഏറ്റവും അപകടകീയായ ബോളർ എന്ന ഖ്യാതിയുമായി വന്ന മലിംഗയെ അയാൾ കൈക്കുഴ കൊണ്ട്‌ അമ്മാനമാടി. ഒരു പക്ഷെ ആ മൽസരം വേഗമൊന്നു കഴിഞ്ഞിരുന്നെങ്കിൽ എന്നു കൊതിച്ചിരുന്നത്‌ അയാളായിരിക്കും. അത്രക്ക്‌ മൃഗീയമായാണു അയാൾ ആക്രമിക്കപ്പെട്ടത്‌. മൽസരം അവസാനിക്കുമ്പോൾ 7.4 ഓവറിൽ 96 റൺസ്‌ അയാൾ വഴങ്ങിയിരുന്നു. ബൗണ്ടറി വഴങ്ങി കഴിഞ്ഞാൽ അയാളുടെ പല്ലുകാട്ടിയുള്ള ചിരി അയാൾ മറന്നിരുന്നു. കോഹ്ലി അയാളെ തട്ടി വിടുന്നവിടെയൊക്കെ ബൗണ്ടറി ലൈനുണ്ടായിരുന്നു. എത്ര അനയാസമായാണയാൾ ബൗണ്ടറികൾ കണ്ടെത്തുന്നത്‌ എന്ന് കണ്ടു നിന്നവർ അമ്പരന്നു. ഇത്തരമൊരൊഴുക്ക്‌ അവർ അപൂർവ്വമായെ കണ്ടിരൊന്നൊള്ളൂ.. ഒടുവിൽ ഒരു ബൗണ്ടറിയിലൂടെ ഇന്ത്യയെ വെറും 36.4 ഓവറിൽ അയാൾ വിജയത്തീരത്തെത്തിച്ചു. എന്നിട്ടയാൾ മുഷ്ട്ടി ചുരുട്ടി കൈകൾ മടക്കി ഒരു വേട്ട കഴിഞ്ഞ സിംഹത്തെപ്പോലെ ഗർജ്ജിച്ചു.

അമാനുഷികം എന്ന വാക്ക്‌ അധികമാവില്ലാ ആ പ്രകടനത്തിനു. പിന്നെ ക്രിക്കറ്റ്‌ ലോകം മെല്ലെ മെല്ലെ അവനു ചുറ്റും കറങ്ങിത്തുടങ്ങി.. ഇന്നും കറങ്ങുന്നു..
-കൃപൽ ഭാസ്ക്കർ