Skip to content

അവനെ തടയൂവെന്ന നിർദ്ദേശം ലഭിച്ചു !! സിറാജിന് വീണ്ടും ഓവറുകൾ നൽകാത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രോഹിത് ശർമ്മ

ശ്രീലങ്കയ്ക്കെതിരായ ഏഷ്യ കപ്പ് ഫൈനൽ പോരാട്ടത്തിൽ തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ പേസർ മൊഹമ്മദ് സിറാജ് കാഴ്ച്ചവെച്ചത്. 7 ഓവറുകൾ എറിഞ്ഞ താരം 6 വിക്കറ്റ് വീഴ്ത്തിയിരുന്നു. ഒരു ഘട്ടത്തിൽ സിറാജ് ചാമിന്ദ വാസിൻ്റെ റെക്കോർഡിന് ഒപ്പമത്തുവെന്ന് തോന്നിച്ചുവെങ്കിലും 7 ഓവറിന് ശേഷം സിറാജിന് അവസരം ലഭിച്ചില്ല.

ഇപ്പോഴിതാ സിറാജിന് പിന്നീട് ഓവർ നൽകാതിരുന്നതിന് പിന്നിലെ കാരണം വിശദീകരിച്ചിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇപ്പോഴും ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമെന്ന റെക്കോർഡ് ചാമിന്ദ വാസിൻ്റെ പേരിലാണ് ഉള്ളത്. ഏകദിനത്തിൽ ഒരു മത്സരത്തിൽ എട്ട് വിക്കറ്റ് നേടിയിട്ടുള്ള ഒരേയൊരു ബൗളറും അദ്ദേഹം മാത്രമാണ്.

” അവർ ഓടിയെത്തി വേഗത്തിൽ പന്തെറിയുന്നത് സ്ലിപ്പിൽ നിന്നും കാണുന്നത് സുഖമുള്ള കാഴ്ച്ചയായിരുന്നു. എല്ലാവരും നന്നായി എറിഞ്ഞു അതിൽ സിറാജിന് പന്ത് കൂടുതൽ മൂവ് ചെയ്യിക്കാനായി. എല്ലാവർക്കും ഒരു ദിനം ഹീറോയാകാൻ സാധിക്കില്ല. ഇന്നത്തേത് സിറാജിൻ്റെ ദിവസമായിരുന്നു. ”

” ആ സ്പെല്ലിൽ 7 ഓവറുകളാണ് അവൻ എറിഞ്ഞത്. 7 ഓവർ എന്നത് വളരെയേറെയാണ്. അവന് വീണ്ടും ഓവർ നൽകാൻ ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ അവനെ തടയണമെന്ന നിർദേശം ട്രെയ്നറിൽ നിന്നും എനിക്ക് ലഭിച്ചു. പക്ഷേ അവൻ പന്തെറിയാൻ ഒരുക്കമായിരുന്നു. അതെല്ലാവരും അങ്ങനെയാണ് അവസരം ലഭിക്കുമ്പോൾ അത് കൂടുതലായി വിനിയോഗിക്കാൻ ഏവരും ആഗ്രഹിക്കുന്നു. അവിടെയാണ് എൻ്റെ ജോലിയുള്ളത്. ഒന്നും അധികമാരതെന്നും എല്ലാം നല്ലതുപോലെ നടക്കണമെന്നും എനിക്ക് ഉറപ്പാക്കേണ്ടതുണ്ട്. ” രോഹിത് ശർമ്മ പറഞ്ഞു.