Skip to content

ലോകകപ്പ് ആര് നേടും !! സാധ്യത ആ രണ്ട് ടീമുകൾക്കാണെന്ന് ശ്രീലങ്കൻ ഇതിഹാസം

ഐസിസി ഏകദിന ലോകകപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇന്ത്യയിൽ മാത്രമായി നടക്കുന്ന ആദ്യ ഏകദിന ലോകകപ്പാണിത്. ഇപ്പോഴിതാ ലോകകപ്പിലെ ഫേവറിറ്റുകളെ തിരഞ്ഞെടുത്തിരിക്കുകയാണ് ശ്രീലങ്കൻ ഇതിഹാസ താരം കുമാർ സംഗക്കാര.

പ്രമുഖ ഇംഗ്ലീഷ് ചാനലിൽ സംസാരിക്കവെയാണ് ലോകകപ്പ് ചർച്ചകൾക്കിടയിൽ ഫേവറിറ്റുകളെ സംഗക്കാര തിരഞ്ഞെടുത്തത്. ഐസിസി റാങ്കിങിൽ ഒന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയയെ ഒഴിവാക്കി നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെയും ആതിഥേയരായ ഇന്ത്യയെയുമാണ് ഫേവറിറ്റുകളായി സംഗക്കാര തിരഞ്ഞെടുത്തത്.

” ഇംഗ്ലണ്ടും ഇന്ത്യയും തന്നെയാണ് കിരീട സാധ്യതയിൽ മുൻപന്തിയിലുള്ളത്. ശ്രീലങ്ക അവരുടെ അവസാന കളി എങ്ങനെ കളിച്ചുവെന്ന് ഞാൻ കണ്ടതാണ്. ഒരുപക്ഷേ സെമിയിലെത്താൻ അവർ വെല്ലുവിളി ഉയർത്തിയേക്കും. സെമിയിൽ എത്തികഴിഞ്ഞാൽ പിന്നീട് കിരീട നേട്ടത്തിന് ഒരു വിജയം മാത്രമാണ് ഉള്ളത്. ”

” സൈമൺ ഡൂൾ സൗത്താഫ്രിക്കയെയാണ് തിരഞ്ഞെടുത്തത്. ഈ ലോകകപ്പിൽ ഒരുപാട് മത്സരാർത്ഥികൾ ഉള്ളത് പോലെയാണ് തോന്നുന്നത്. ഏകദേശം ഏഴോ എട്ടോ ടീമുകൾ കിരീടനേട്ടത്തിനായി മുൻപന്തിയിൽ തന്നെയുണ്ട്. പക്ഷേ ഇന്ത്യയെയും ഇംഗ്ലണ്ടിനെയുമാണ് ഇതിൽ കരുത്തരായി ഞാൻ തിരഞ്ഞെടുക്കുന്നത്. മറ്റുള്ള ടീമുകൾക്ക് സാധ്യതയില്ലെന്നല്ല. ” കുമാർ സംഗക്കാര പറഞ്ഞു.

ഒക്ടോബർ അഞ്ചിന് കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലുളള മത്സരത്തോടെയാണ് ലോകകപ്പ് ആരംഭിക്കുന്നത്. ലോകകപ്പിനുള്ള മത്സരങ്ങളുടെ ഭൂരിഭാഗം ടിക്കറ്റുകളും ഇതിനോടകം വിറ്റഴിഞ്ഞുകഴിഞ്ഞു. ഒക്ടോബർ ഏഴിന് ചെന്നൈയിൽ ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ലോകകപ്പിലെ ഉദ്ഘാടന മത്സരവും ഫൈനൽ മത്സരവും നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് നടക്കുക. ഇത് കൂടാതെ ഇന്ത്യ – പാക്, ഇംഗ്ലണ്ട് – ഓസ്ട്രേലിയ പോരാട്ടത്തിനും സ്റ്റേഡിയത്തിൽ നടക്കും.