Skip to content

ലോകകപ്പ് തയ്യാറെടുപ്പ് ! ഇന്ത്യൻ യുവാക്കളെ റാഞ്ചി സർപ്രൈസ് നീക്കവുമായി നെതർലൻഡ്സ്

ഇന്ത്യയിൽ നടക്കുന്ന ഐസിസി ഏകദിന ലോകകപ്പ് തയ്യാറെടുപ്പിനായി നെതർലൻഡ്സ് ടീമിൻ്റെ സർപ്രൈസ് നീക്കം. രണ്ട് ലോകകപ്പിൽ യോഗ്യത നേടാനാകാതെ പോയ നെതർലൻഡ്സ് ഇക്കുറി വലിയ പ്രതീക്ഷയോടെയാണ് ലോകകപ്പിനായി എത്തുന്നത്. ബാംഗ്ലൂരിലാണ് നെതർലൻഡ്സ് പരിശീലനം നടത്തുന്നത്.

ഇപ്പോഴിതാ ക്യാമ്പിലേക്ക് നെറ്റ് ബൗളർമാരെ തേടുന്നതായി പരസ്യം ചെയ്തിരിക്കുകയാണ് നെതർലൻഡ്സ് ക്രിക്കറ്റ്. തിരഞ്ഞെടുക്കപ്പെടുന്ന കളിക്കാരുടെ എല്ലാ ചിലവും നെതർലൻഡ്സായിരിക്കും വഹിക്കുന്നത്. നാല് ബൗളർമാരെയാണ് നെതർലൻഡ്സ് തേടുന്നത്. ലെഫ്റ്റ് – റൈറ്റ് ആം സീമർമാരെയും ഒരു മിസ്റ്ററി സ്പിന്നറെയും ഒപ്പം ഒരു ഇടം കയ്യൻ സ്പിന്നറെയുമാണ് തങ്ങൾക്ക് ആവശ്യമെന്ന് നെതർലൻഡ്സ് പരസ്യത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

താൽപര്യമുള്ളവർക്ക് സെപ്റ്റംബർ 17 ന് മുൻപ് വീഡിയോ അയച്ചുകൊണ്ട് അപേക്ഷിക്കാമെന്നും പേസർമാർക്ക് 120 ന് മുകളിലും സ്പിന്നർമാർക്ക് 80 kmph ന് മുകളിലും വേഗതയുണ്ടായിരിക്കണം.

1996 മുതൽ 2011 ലോകകപ്പുകൾ വരെ കളിച്ച നെതർലൻഡ്സിന് ഓസ്ട്രേലിയയിൽ നടന്ന 2015 ലോകകപ്പിനും ഇംഗ്ലണ്ടിൽ നടന്ന 2019 ലോകകപ്പിനും യോഗ്യത നേടുവാനായില്ല. എന്നാൽ ഇക്കുറി ക്വാളിഫയറിൽ വെസ്റ്റിൻഡീസ്, സിംബാബ്വെ എന്നീ ടീമുകളെ പിന്നിലാക്കിയാണ് നെതർലൻഡ്സ് പത്താം ടീമായി യോഗ്യത നേടിയത്.