Skip to content

ഇതിഹാസങ്ങൾ കളിച്ചുവളർന്ന കൗണ്ടി ടീമിനെ സ്വന്തമാക്കാനൊരുങ്ങി രാജസ്ഥാൻ റോയൽസ്

ഇംഗ്ലീഷ് ആഭ്യന്തര ക്രിക്കറ്റ് ക്ലബ്ബായ യോർക്ക്ഷെയറിനെ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയൽസ്. ഇതിനോടകം കരീബിയൻ പ്രീമിയർ ലീഗിലും സൗത്താഫ്രിക്കൻ ലീഗിലും ടീമിനെ സ്വന്തമാക്കിയ റോയൽസ് ഇപ്പോൾ ഇംഗ്ലണ്ടിലേക്കും നോട്ടമിട്ടിരിക്കുകയാണ്.

നിലവിൽ സാമ്പത്തികമായി പ്രശ്നങ്ങൾ നേരിടുന്ന യോർക്ക്ഷെയറിന് വമ്പൻ ഓഫറാണ് രാജസ്ഥാൻ റോയൽസ് നൽകിയിരിക്കുന്നത്. ജോ റൂട്ട്, മൈക്കൽ വോൺ അടക്കമുള്ള താരങ്ങൾ കളിച്ചുവളർന്ന കൗണ്ടി ക്ലബാണ് യോർക്ക്ഷെയർ. എന്നാൽ കഴിഞ്ഞ കാലയളവിൽ ടീമിലെ താരം നേരിട്ട വാംശീയ അധിക്ഷേപവും അതിന് പിന്നാലെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിൻ്റെ വിലക്കുമാണ് ടീമിന് സാമ്പത്തിക ബാധ്യത ഉണ്ടാക്കിയത്. ഇതോടെ സ്പോൺസർമാരെയും നഷ്ടപെടുകയും ചെയ്തിരുന്നു. ഇതെല്ലാം പരിഹരിച്ചുവെങ്കിലും കടകെണിയിലുള്ള ക്ലബ് അത് പരിഹരിക്കാൻ പല മാർഗ്ഗങളും തേടിയിരുന്നു.

ഇതിൻ്റെ ഭാഗമായി മറ്റു ഐ പി എൽ ടീമുകളുമായും സൗദി പ്രിൻസുമായും ക്ലബ് ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ ഈ പാർട്ടികളിൽ നിന്നും വ്യത്യസ്തമായി ടീമിൻ്റെ ഉടമസ്ഥാവകാശം മൊത്തത്തിൽ ഏറ്റെടുക്കുവാനാണ് രാജസ്ഥാൻ റോയൽസ് ലക്ഷ്യമിടുന്നത്.

രാജസ്ഥാൻ റോയൽസിൻ്റെ ഓഫർ വരുന്ന ബോർഡ് മീറ്റിങ്ങിൽ യോർക്ക്ഷെയർ ചർച്ച ചെയ്യും. അന്തിമ തീരുമാനം ഉടനെ തന്നെയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനിടെ ഹൻഡ്രഡ് ലീഗിലും പ്രൈവറ്റ് ഇൻവെസ്റ്റ്മെൻ്റ് അനുവദിക്കാൻ ഒരുങ്ങുകയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്.