Skip to content

അങ്ങനെ ചെയ്താൽ അതൊരു വലിയ മണ്ടത്തരമാകും !! ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഗൗതം ഗംഭീർ

ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരായ പോരാട്ടത്തിലെ ഇഷാൻ കിഷൻ്റെ പ്രകടനം വലിയ തലവേദനയാണ് ഇന്ത്യയ്ക്ക് ഉണ്ടാക്കിയിരിക്കുന്നത്. ഫിറ്റ്നസ് വീണ്ടെടുത്ത് കെ എൽ രാഹുലും തിരിച്ചെത്തിയതോടെ ഇവരിൽ ആരെ കളിപ്പിക്കുമെന്ന ആശയകുഴപ്പത്തിലാണ് ഇന്ത്യൻ ടീം. ഇതിനിടെ ഇക്കാര്യത്തിൽ ഇന്ത്യയ്ക്ക് വലിയ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ.

പാകിസ്ഥാനെതിരെ സമ്മർദ്ദ ഘട്ടത്തിൽ അഞ്ചാമനായി എത്തികൊണ്ട് 82 റൺസ് ഇഷാൻ കിഷൻ നേടിയിരുന്നു. മറുഭാഗത്ത് നോക്കിയാൽ ടെസ്റ്റിലും ടി20 യിലും മോശം പ്രകടനമായിരുന്നുവെങ്കിലും ഏകദിനത്തിൽ അഞ്ചാമനായി മികച്ച പ്രകടനം കെ എൽ രാഹുൽ കാഴ്ച്ചവെച്ചിട്ടുണ്ട്. ഐ പി എല്ലിൽ ഒരേ ടീമിൻ്റെ ഭാഗമാണെങ്കിൽ കൂടിയും ഇക്കാര്യത്തിൽ ഇഷാൻ കിഷനെയാണ് ഗംഭീർ പിന്തുണച്ചിരിക്കുന്നത്.

ഇഷാൻ കിഷനെ തഴഞ്ഞ് കെ എൽ രാഹുലിനെ കളിപ്പിച്ചാൽ അത് വലിയ മണ്ടത്തരമാകുമെന്ന് സ്റ്റാർ സ്പോർട്സിൽ സംസാരിക്കവെ ഗൗതം ഗംഭീർ പറഞ്ഞു.

നേരത്തെയും ഇക്കാര്യത്തിൽ ഇഷാൻ കിഷനെ പിന്തുണച്ചാണ് ഗംഭീർ സംസാരിച്ചിട്ടുള്ളത്. ലോകകപ്പ് വിജയിക്കണം എന്നുണ്ടെങ്കിൽ കളിക്കാരുടെ പേരല്ല ഫോമാണ് നോക്കേണ്ടതെന്നും ഗംഭീർ പറഞ്ഞിരുന്നു.

മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയും ഇക്കാര്യത്തിൽ ഇഷാൻ കിഷനെയാണ് പിന്തുണച്ചത്. ഒരുപാട് അവസരങ്ങൾ ലഭിച്ചിട്ടില്ലയെങ്കിൽ കൂടിയും കിട്ടിയ അവസരങ്ങളിൽ ഇഷാൻ കിഷൻ തിളങ്ങിയിട്ടുണ്ടെന്നും ഡബിൾ സെഞ്ചുറി നേടിയിട്ടുപോലും പിന്നീട് താരത്തിന് അവസരങ്ങൾ ലഭിച്ചിരുന്നില്ലയെന്നും ഇഷാൻ കിഷൻ ബാറ്റ് ചെയ്യുമ്പോഴെല്ലാം ഇന്ത്യയ്ക്ക് വ്യത്യസ്ത പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും അതെല്ലാം തരണം ചെയ്യുവാൻ താരത്തിന് സാധിച്ചിട്ടുണ്ടെന്നും ആകാശ് ചോപ്ര പറഞ്ഞു.