Skip to content

ഭാരത് രത്ന തിരിച്ചെടുക്കണം !! സച്ചിൻ ടെണ്ടുൽക്കർക്കെതിരെ വ്യാപക പ്രതിഷേധം

ക്രിക്കറ്റ് ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർക്കെതിരെ പ്രതിഷേധവുമായി ഒരു കൂട്ടം ആളുകൾ. വിവാദങ്ങളിൽ നിന്നും വിട്ടുനിൽക്കാറുള്ള സച്ചിനെതിരെയാണ് ഇക്കുറി ഒരു കൂട്ടർ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. സച്ചിൻ ഭാരത് രത്ന തിരികെ നൽകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ഒരു പ്രമുഖ ഓൺലൈൻ ഗെയിമിങ് ആപ്പിൻ്റെ പരസ്യത്തിൽ അഭിനയിച്ചതിനാണ് സച്ചിൻ ടെണ്ടുൽക്കർക്കെതിരെ ഇക്കുറി വിമർശനങ്ങൾ ഉയരുവാൻ കാരണം. ഇതിൻ്റെ ഭാഗമായി മുംബൈയിൽ സച്ചിൻ്റെ വീടിൻ്റെ മുൻപിലും ഇക്കൂട്ടർ പ്രതിഷേധവുമായി എത്തി.

സച്ചിൻ ഭാരത് രത്ന നേടിയ ഒരാളായത് കൊണ്ടാണ് ഇത്തരത്തിൽ പ്രതിഷേധിക്കുന്നതെന്നും ഈ അഭിമാന പുരസ്കാരം നേടിയ ഒരാൾ ഇത്തരം കാര്യങ്ങളെ പ്രൊമോട്ട് ചെയ്യുവാൻ പാടില്ലായിരുന്നുവെന്നും ഈ കാര്യങ്ങൾക്കായി പരസ്യം ചെയ്ത് കോടികൾ സമ്പാദിക്കണം എന്നുണ്ടെങ്കിൽ സച്ചിൻ ഭാരത് രത്ന തിരികെ നൽകണമെന്നും പ്രതിഷേധക്കാരുടെ തലവൻ പറഞ്ഞു.

ഇതിന് മുൻപ് സമൂഹത്തിന് ഹാനികരമായ പല പരസ്യങ്ങളിൽ കോടികൾ വാഗ്ദാനം ചെയ്തുവെങ്കിലും സച്ചിൻ അതിൽ നിന്നെല്ലാം പിന്മാറിയിരുന്നു. മറ്റു ഇതിഹാസ താരങ്ങളും സിനിമാ താരങ്ങളും പാൻ മസാല പരസ്യങ്ങളിൽ അഭിനയിച്ച് കോടികൾ നേടിയപ്പോൾ സച്ചിൻ തനിക്ക് വന്ന കോടികളുടെ ഓഫറുകൾ നിരസിച്ചിരുന്നു.