Skip to content

അഞ്ചോവർ മത്സരത്തിൽ വെടിക്കെട്ട് പ്രകടനവുമായി ഇർഫാൻ പത്താൻ !!

യു എസ് ടി10 ലീഗിൽ വീണ്ടും ഗംഭീര പ്രകടനം കാഴ്ച്ചവെച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. ന്യൂ ജേഴ്സി ലെജൻഡ്സിനെതിരായ മത്സരത്തിൽ കാലിഫോണിയ നൈറ്റ്സിന് വേണ്ടിയാണ് ഈ ഗംഭീര പ്രകടനം ഇർഫാൻ പത്താൻ പുറത്തെടുത്തത്.

മഴ മൂലം അഞ്ച് ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കാലിഫോർണിയ നൈറ്റ്സിനായി 13 പന്തിൽ 4 ഫോറും രണ്ട് സിക്സും അടക്കം 31 റൺസ് പുറത്താകാതെ ഇർഫാൻ പത്താൻ അടിച്ചുകൂട്ടി. ആഷ്ലെ നേഴ്സ് 10 പന്തിൽ 24 റൺസും ആരോൺ ഫിഞ്ച് 7 പന്തിൽ 19 റൺസും നേടിയപ്പോൾ കാലിഫോർണിയ 5 ഓവറിൽ 76 റൺസ് നേടി.

മറുപടി ബാറ്റിങിൽ ഗൗതം ഗംഭീർ നയിച്ച ന്യൂ ജേഴ്സിയ്‌ക്ക് 5 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 52 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ. ഓപ്പണറായി ഇറങ്ങിയ യൂസഫ് പത്താൻ 4 റൺസും ജെസി റൈഡർ 14 റൺസും നേടി പുറത്തായപ്പോൾ 15 പന്തിൽ 29 റൺസ് നേടിയ ബാൻവാൾ മാത്രമാണ് ന്യൂ ജേഴ്സിയ്ക്കായി തിളങ്ങിയത്.

നേരത്തെ കഴിഞ്ഞ മത്സരത്തിൽ അത്ലാൻഡ റൈഡേഴ്സിനെതിരെ അവസാന ഓവറിൽ 9 റൺസ് ഡിഫൻഡ് ചെയ്യുന്നതിനിടെ 3 റൺസ് മാത്രം വിട്ടുകൊടുത്തുകൊണ്ട് ഇർഫാൻ പത്താൻ കാലിഫോണിയയെ വിജയത്തിൽ എത്തിച്ചിരുന്നു. ആരോൺ ഫിഞ്ചാണ് ടീമിൻ്റെ ക്യാപ്റ്റൻ. പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് കാലിഫോർണിയ ഉളളത്.