Skip to content

ഇതെന്തൊരു ഉഡായിപ്പ് !! കെ എൽ രാഹുലിനും അയ്യർക്കും ഫിറ്റ്നസ് ടെസ്റ്റില്ല !!

ഏഷ്യ കപ്പിനുളള തയ്യാറെടുപ്പിൻ്റെ ഭാഗമായി ഇന്ത്യൻ സീനിയർ താരങ്ങൾ അടക്കമുള്ളവർ ഇന്നലെ യോ യോ ടെസ്റ്റിന് വിധേയരായിരുന്നു. ടെസ്റ്റിൽ താൻ പാസ്സായതായി കോഹ്ലി തന്നെ ഇന്നലെ ആരാധകരോട് പങ്കിട്ടിരുന്നു. മറുഭാഗത്ത് ക്യാപ്റ്റൻ രോഹിത് ശർമ്മയും ഹാർദിക്ക് പാണ്ഡ്യയും ടെസ്റ്റ് പാസ്സായതായി വിവരം പുറത്തുവന്നിരുന്നു. എന്നാൽ കെ എൽ രാഹുൽ അടക്കമുള്ളവരെ യോ യോ ടെസ്റ്റിൽ നിന്നും ഒഴിവാക്കിയിരിക്കുകയാണ് ബിസിസിഐ.

റിപ്പോർട്ടുകൾ പ്രകാരം പരിക്കിന് ശേഷം തിരിച്ചുവരുന്ന കെ എൽ രാഹുൽ, ശ്രേയസ് അയ്യർ, ജസ്പ്രീത് ബുംറ എന്നിവരെയാണ് യോ യോ ടെസ്റ്റിൽ നിന്നും ബിസിസിഐ ഒഴിവാക്കിയത്. ക്യാപ്റ്റൻ രോഹിത് ശർമ്മ അടക്കമുള്ളവർ ഫിറ്റ്നസ് തെളിയിക്കേണ്ടി വന്നപ്പോഴാണ് ഈ താരങ്ങൾക്ക് ബിസിസിഐ ഇളവ് നല്കിയത്.

കെ എൽ രാഹുലിൻ്റെ ഫിറ്റ്നസിൽ ഇതുവരെയും കാര്യമായ വ്യക്തത ബിസിസിഐ വരുത്തിയിട്ടില്ല. ബാറ്റിങ് ഫിറ്റ്നസ് വീണ്ടെടുത്തുവെങ്കിലും വിക്കറ്റ് കീപ്പിങ് ചുമുതലകൾ താരത്തിന് നിർവഹിക്കാൻ സാധിക്കുമോയെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം ഏഷ്യ കപ്പിൽ തുടക്കത്തിലേ മത്സരങ്ങൾ കെ എൽ രാഹുലിന് നഷ്ടമായേക്കും. കെ എൽ രാഹുൽ വീണ്ടും പരിക്കിൻ്റെ പിടിയിലായാൽ വലിയ വിമർശനം തന്നെ ഇന്ത്യ ഏറ്റുവാങ്ങേണ്ടിവരും.

ശ്രേയസ് അയ്യരുടെ കാര്യവും വ്യത്യസ്തമല്ല. പരിശീലന മത്സരത്തിലെ പ്രകടനം വെച്ചുകൊണ്ടാണ് താരവും ടീമിലെത്തിയിരിക്കുന്നത്. ശ്രേയസ് അയ്യരുടെ ഫിറ്റ്നസും സസൂക്ഷ്മം നിരീക്ഷിക്കേണ്ടതുണ്ട്.