Skip to content

അവനെ ഒഴിവാക്കിയത് ശരിയായ തീരുമാനം!! ഏഷ്യ കപ്പ് സെലക്ഷനെ പിന്തുണച്ച് സൗരവ് ഗാംഗുലി

ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീം സെലക്ഷനെ പിന്തുണച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റനും മുൻ ബിസിസിഐ പ്രസിഡൻ്റുമായ സൗരവ് ഗാംഗുലി. ടീമിൽ നിന്നും സ്‌പിന്നറായ ചഹാലിനെ ഒഴിവാക്കിയ തീരുമാനത്തെയാണ് ഗാംഗുലി പിന്തുണച്ചത്. അതിന് പിന്നിലെ കാരണവും മുൻ ഇന്ത്യൻ ക്യാപ്റ്റൻ ചൂണ്ടികാട്ടി.

ചഹാലിനെ ഒഴിവാക്കിയ തീരുമാനത്തെ ഇർഫാൻ പത്താൻ, ഹർഭജൻ സിങ് അടക്കമുള്ള താരങ്ങൾ എതിർത്തിരുന്നു. ഇതിനിടെയാണ് തീരുമാനത്തെ ഗാംഗുലി ശരിവെച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

ചഹാലിനെ ഒഴിവാക്കികൊണ്ട് അക്ഷർ പട്ടേലിനെയാണ് ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയത്. ബാറ്റിങ് കൂടെ പരിഗണിച്ചുകൊണ്ടാകാം ഇന്ത്യ ചഹാലിനെ ഒഴിവാക്കി അക്ഷറിനെ ടീമിൽ ഉൾപ്പെടുത്തിയതെന്നും അതുകൊണ്ട് തന്നെ ഇത് ശരിയായ തീരുമാനമായാണ് തനിയ്ക്ക് തോന്നുന്നതെന്നും ഗാംഗുലി പറഞ്ഞു.

” ബാറ്റിങ് കാരണമാണ് ചഹാലിനെ ഒഴിവാക്കികൊണ്ട് അക്ഷർ പട്ടേലിനെ ടീമിൽ ഉൾപ്പെടുത്തിയത്. അതുകൊണ്ട് തന്നെ അതൊരു ശരിയായ തീരുമാനമായാണ് എനിക്ക് തോന്നുന്നത്. ആർക്കെങ്കിലും പരിക്ക് പറ്റിയാൽ ചഹാൽ ടീമിലെത്തും. ” സൗരവ് ഗാംഗുലി പറഞ്ഞു.

സെപ്റ്റംബർ രണ്ടിന് പാകിസ്ഥാനെ നേരിടാൻ ഇന്ത്യ ഒരുങ്ങുമ്പോൾ റാങ്കിങ് ഒരിക്കലും ഒരു ഘടകമാകില്ലയെന്നും ഗാംഗുലി പറഞ്ഞു. നിലവിൽ ഏകദിന റാങ്കിങിൽ ഇന്ത്യ മൂന്നാം സ്ഥാനത്തും പാകിസ്ഥാൻ രണ്ടാം സ്ഥാനത്തും ആണുള്ളത്.