Skip to content

അവനെ കുറിച്ച് മാത്രം സംസാരിക്കുന്നു !! ബാക്കിയുള്ളവരെ മറന്നു : ലോകകപ്പ് വിജയത്തെ കുറിച്ച് ഗംഭീർ

2011 ഏകദിന ലോകകപ്പ് വിജയിച്ചതിൻ്റെ ക്രെഡിറ്റ് ധോണിയ്ക്ക് മാത്രമായി നൽകുന്നതിൽ വീണ്ടും തൻ്റെ അമർഷം രേഖപെടുത്തി മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഗംഭീർ ഇക്കാര്യം തുറന്നുപറഞ്ഞത്.

ഫൈനലിൽ ധോണിയ്ക്കൊപ്പം നിർണായകമായത് ഗൗതം ഗംഭീറിൻ്റെ പ്രകടനമായിരുന്നു. എന്നാൽ തന്നെ കുറിച്ച് മറക്കാമെന്നും പക്ഷേ ലോകകപ്പിലെ ഹീറോയായിരുന്ന യുവരാജ് സിങിന് പോലും അർഹിച്ച ക്രെഡിറ്റ് നൽകിയില്ലയെന്നും ആളുകൾ ധോണി പറത്തിയ ആ സിക്സിനെ കുറിച്ച് മാത്രമാണ് പറയുന്നതെന്നും ഗംഭീർ പറഞ്ഞു.

” എന്നെ കുറിച്ച് മറന്നേക്കൂ. യുവരാജ് സിങിന് പോലും അർഹിച്ച ക്രെഡിറ്റ് നമ്മൾ നൽകിയിട്ടില്ല. ഫൈനലിൽ സഹീർ ഖാൻ്റെ ആദ്യ സ്പെല്ലിനെ കുറിച്ച് എത്ര പേർ സംസാരിക്കുന്നുണ്ട് ? സച്ചിനായിരുന്നു ടൂർണമെൻ്റിലെ ടോപ് സ്കോറർ. നമ്മൾ ധോണിയുടെ സിക്സിനെ കുറിച്ച് സംസാരിക്കുന്നു. ടീമിനെ മറന്ന് നമ്മൾ വ്യക്തികളെ ആരാധിക്കുന്നു. ” ഗൗതം ഗംഭീർ പറഞ്ഞു.

ഇതിന് മുൻപും ക്രെഡിറ്റ് ധോണിക്ക് മാത്രമായി നൽകുന്നതിനെതിരെ ഗംഭീർ തുറന്നുപറഞ്ഞിരുന്നു.