Skip to content

അന്ന് യുവിയും റെയ്നയും നമുക്കുണ്ടായിരുന്നു !! ഇക്കുറി നമുക്ക് അവൻ വേണം : രവി ശാസ്ത്രി

ഐസിസി ഏകദിന ലോകകപ്പിനുളള ഇന്ത്യൻ ടീമിൽ യുവതാരം തിലക് വർമ്മയെ ഉൾപ്പെടുത്തണമെന്ന അഭിപ്രായം മുൻപോട്ട് വെച്ച് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി. വിൻഡീസ് പര്യടനത്തോടെ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച താരം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാൽ ഇതുവരെയും ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത താരം ലോകകപ്പിലും വേണമെന്ന അഭിപ്രായമാണ് ശാസ്ത്രി മുൻപോട്ട് വെച്ചിരിക്കുന്നത്.

തിലക് വർമ്മയുടെ പ്രകടനത്തിൽ താൻ പൂർണമായും സംതൃപ്തനാണെന്നും കൂടാതെ മധ്യനിരയിൽ ഒരു ഇടംകയ്യൻ ബാറ്റ്സ്മാനെ ആവശ്യമാണെന്നും അതുകൊണ്ട് തന്നെ ലോകകപ്പ് ടീമിൽ തിലക് വർമ്മ വേണമെന്നും രവി ശാസ്ത്രി പറഞ്ഞു.

ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ മധ്യനിരയിൽ യുവരാജ് സിങും സുരേഷ് റെയ്നയും ഉണ്ടായിരുന്നുവെന്നും ആ അഭാവം നികത്താൻ തിലക് വർമ്മയ്ക്ക് കഴിയുമെന്നും രവി ശാസ്ത്രി പറഞ്ഞു. നിലവിലെ ഇന്ത്യൻ ടീമിൽ രവീന്ദ്ര ജഡേജ മാത്രമാണ് ഇടം കയ്യൻ ബാറ്റ്സ്മാനായി ഉളളത്. ഇഷാൻ കിഷൻ ഉണ്ടെങ്കിൽ കൂടിയും താരം പ്ലേയിങ് ഇലവനിൽ ഉണ്ടാകാൻ സാധ്യതയില്ല.

ഈയൊരു കുറവ് തന്നെയാണ് തിലക് വർമ്മയ്ക്ക് മുൻതൂക്കം നൽകുന്നത്. ഒരു ഇടംകയ്യൻ സ്പെഷ്യാലിസ്റ്റിൻ്റെ അഭാവം പല കുറിയും ഇന്ത്യ അനുഭവിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതെല്ലാം മുന്നിൽ കാണുവാൻ ഇന്ത്യയ്ക്ക് സാധിച്ചില്ലയെന്നതാണ് നിരാശജനകം. ഇതിന് മുൻപ് നടന്ന പരമ്പരകളിൽ തിലക് വർമ്മയെ പോലുള്ള ഇടംകയ്യന്മാർക്ക് ഇന്ത്യ അവസരം നൽകേണ്ടതായിരുന്നു. ഇനി ഏഷ്യ കപ്പും ഓസ്ട്രേലിയക്കെതിരായ പരമ്പരയുമാണ് ഇന്ത്യയ്ക്ക് മുൻപിലുള്ളത്.