Skip to content

റെക്കോർഡുകളല്ല !! കോഹ്ലിയുടെ ലക്ഷ്യം ഇനി അത് മാത്രമാണ്

തൻ്റെ കരിയറിൽ ഇതിനോടകം നിരവധി റെക്കോർഡുകൾ വിരാട് കോഹ്ലി സ്വന്തമാക്കിയിട്ടുണ്ട്. ഏഷ്യ കപ്പും ഐസിസി ഏകദിന ലോകകപ്പും വരാനിരിക്കെ നിരവധി റെക്കോർഡുകളാണ് കോഹ്ലിയെ കാത്തിരിക്കുന്നത്. എന്നാൽ ആരാധകരെ പോലെ റെക്കോർഡുകളെ കുറിച്ച് കോഹ്ലി ചിന്തിക്കുന്നില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ.

ഏകദിന ക്രിക്കറ്റിൽ ഇതിനോടകം 46 സെഞ്ചുറി നേടിയ കോഹ്ലിയ്ക്ക് ഇനി നാല് സെഞ്ചുറി കൂടെ നേടിയാൽ സച്ചിൻ ടെണ്ടുൽക്കറെ പിന്നിലാക്കുവാൻ കഴിയും. എന്നാൽ
വ്യക്തിഗത നേട്ടങ്ങൾക്കല്ല ഇന്ത്യൻ ടീമിനെ വിജയത്തിലെത്തിക്കുകയെന്നതാണ് കോഹ്ലിയുടെ ലക്ഷ്യമെന്നും റോബിൻ ഉത്തപ്പ പറഞ്ഞു.

” റെക്കോർഡുകൾ തകർക്കുന്നതിനെ കുറിച്ച് കോഹ്ലിയിപ്പോൾ ചിന്തിക്കുക കൂടി ചെയ്യുന്നില്ല. നമ്മൾ കുറെ ആളുകളും ആരാധകരും മാത്രമാണ് അതിൽ ശ്രദ്ധ നൽകുന്നത്. സെഞ്ചുറികൾ നേടുന്നതിനേക്കാൾ ഇന്ത്യയെ വിജയത്തിലെത്തിക്കുന്നതാണ് അവന് വലുത്. ഇനി കോഹ്ലിയുടെ ലക്ഷ്യം ലോകകപ്പിൽ ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരിക്കും. റെക്കോർഡുകളെ പറ്റി അവൻ ചിന്തിക്കുന്നില്ല. ” റോബിൻ ഉത്തപ്പ പറഞ്ഞു.

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ കോഹ്ലിയ്ക്ക് അവസരം ലഭിച്ചിരുന്നില്ല. നിലവിൽ കുടുംബത്തിനൊപ്പമുള്ള കോഹ്ലി ഈ മാസം 23 ന് ആരംഭിക്കുന്ന ഏഷ്യ കപ്പ് ക്യാംമ്പോടെയായിരിക്കും തയ്യാറെടുപ്പുകൾ ആരംഭിക്കുക.