Skip to content

ക്രിക്കറ്റ് ഒളിമ്പിക്സിൽ !! നിർണായക തീരുമാനം ഉടനെ

ക്രിക്കറ്റ് ഒളിമ്പിക്സിൽ തിരിച്ചെത്തുമോയെന്നതിൽ അന്തിമ തീരുമാനം ഉടനെ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ. ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ ഉൾപ്പെടുത്തിയിരിക്കുന്ന പുതിയ കായിക ഇനം ക്രിക്കറ്റ് ആയിരിക്കുമോയെന്ന് വരും ദിവസങ്ങളിൽ തന്നെ അറിയാൻ സാധിച്ചേക്കും.

കടുത്ത മത്സരമാണ് ഒളിമ്പിക്സിൽ ഉൾപ്പെടുത്തുന്നതിൽ ക്രിക്കറ്റ് നേരിടുന്നത്. എന്നാൽ ജനപ്രീതിയും സാമ്പത്തികവും ബ്രോഡ്കാസ്റ്റിംഗ് സാധ്യതകളും കണക്കിലെടുത്തുകൊണ്ടാണ് അന്തിമ പട്ടികയിൽ ക്രിക്കറ്റ് ഉൾപെട്ടിരിക്കുന്നത്. മറുഭാഗത്ത് ഫ്ളാഗ് ഫുട്ബോൾ, ബേസ്ബോൾ – സോഫ്റ്റ്ബോൾ എന്നിവയിൽ നിന്നാണ് ക്രിക്കറ്റ് വെല്ലുവിളി നേരിടുന്നത്.

ക്രിക്കറ്റിൻ്റെ ജനപ്രീതിയൊന്നും ഇല്ലെങ്കിൽ കൂടിയും അമേരിക്കൻ കായികയിനമായതിൻ്റെ ആനുകൂല്യം മറ്റ് രണ്ട് കായിക ഇനങ്ങൾക്കുമുണ്ട്.

ഇക്കുറി ക്രിക്കറ്റ് ഒളിമ്പിക്സിൽ ഉൾകൊള്ളിക്കാൻ മികച്ച പ്രവർത്തനങ്ങൾ ഐസിസി നടത്തിയിരുന്നു. ഇതിന് മുൻപ് ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുന്നതിൽ കാര്യമായ പിൻതുണ ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ ബോർഡുകളിൽ നിന്നുമുണ്ടായിരുന്നില്ല. എന്നാൽ ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തിയാൽ അതിൻ്റെ ഗുണം ലഭിക്കുക അസോസിയേറ്റ് രാജ്യങ്ങൾക്കായിരിക്കും. നിലവിൽ ഐസിസിയെ മാത്രം ആശ്രയിക്കുന്ന അസോസിയേറ്റ് രാജ്യങ്ങൾക്ക് ഒളിമ്പിക്സിൽ എത്തുന്നതോടെ അതാത് ഗവൺമെൻ്റുകളിൽ നിന്നും പിന്തുണ ലഭിക്കും.

2028 ഒളിമ്പിക്സിൽ ഉൾപ്പെടുത്തിയാൽ അടുത്ത ഒളിമ്പിക്സ് നടക്കുന്നത് ഓസ്ട്രേലിയയിൽ ആയതിനാൽ തുടർച്ചയായ രണ്ട് തവണ ഒളിമ്പിക്സിൻ്റെ ഭാഗമാകുവാൻ ക്രിക്കറ്റിന് സാധിക്കും.