Skip to content

ഏകദിന ലോകകപ്പിലേക്ക് വിരമിച്ച താരത്തെ തിരിച്ചെത്തിക്കാൻ നീക്കവുമായി ഇംഗ്ലണ്ട്

ഐസിസി ഏകദിന ലോകകപ്പിന് രണ്ട് മാസങ്ങൾ ശേഷിക്കെ വിരമിച്ച സൂപ്പർതാരത്തെ തിരിച്ചെത്തിക്കാൻ നീക്കവുമായി ഇംഗ്ലണ്ട് ടീമും ക്യാപ്റ്റൻ ജോസ് ബട്ട്ലറും. ഈ മാസം 15 നാണ് ഇംഗ്ലണ്ട് ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുക. അതിന് മുൻപേ സൂപ്പർതാരം ബെൻ സ്റ്റോക്സിനെ വിരമിക്കൽ തീരുമാനത്തിൽ നിന്നും പിന്തിരിപ്പിക്കാനാണ് ഇംഗ്ലണ്ടിൻ്റെ നീക്കം.

കഴിഞ്ഞ ലോകകപ്പിലെ ഇംഗ്ലണ്ടിൻ്റെ ഹീറോ കൂടിയായിരുന്നു ബെൻ സ്റ്റോക്സ്. എന്നാൽ കഴിഞ്ഞ വർഷമാണ് ഏകദിനത്തിൽ നിന്നും വിരമിക്കുന്നുവെന്നുള്ള ഞെട്ടിപ്പിക്കുന്ന തീരുമാനം സ്റ്റോക്സിൽ നിന്നുമുണ്ടായത്. ടെസ്റ്റ് ക്രിക്കറ്റിലും ടി20 ക്രിക്കറ്റിലും തുടരാൻ തീരുമാനിച്ച താരം ജോലിഭാരം നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു തീരുമാനത്തിൽ എത്തിയത്.

ബെൻ സ്റ്റോക്സിനെ തിരിച്ചെത്തിക്കാമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലണ്ട് ടീമുള്ളത്. ക്യാപ്റ്റൻ ജോസ് ബട്ട്ലർ അടക്കമുള്ളവർ സ്റ്റോക്സുമായി ചർച്ചകൾ നടത്തും. നേരത്തെ ആഷസ് പരമ്പരയ്ക്ക് മുൻപായി സ്റ്റോക്സിൻ്റെ അഭ്യർത്ഥന പ്രകാരം മൊയിൻ അലി വിരമിക്കൽ തീരുമാനം പിൻവലിക്കുകയും ആവശ്യഘട്ടത്തിൽ ടീമിനായി തിരിച്ചെത്തുകയും ചെയ്തിരുന്നു.

അതേ സാഹചര്യത്തിൽ ടീമിൻ്റെ ആവശ്യം മുൻനിർത്തി സ്റ്റോക്സിനെ തിരിച്ചെത്തിക്കുവാനാണ് ഇംഗ്ലണ്ടിൻ്റെ പദ്ധതി. ജോഫ്രാ ആർച്ചറിൻ്റെ തിരിച്ചുവരവായിരിക്കും ഇംഗ്ലണ്ട് ടീമിലെ മറ്റൊരു ഹൈലൈറ്റ്. പരിക്ക് മൂലം ദീർഘനാൾ പുറത്തായിരുന്ന താരം ഐ പി എല്ലിൽ കളിച്ചുവെങ്കിലും പരിക്ക് മൂലം തുടരാൻ സാധിച്ചിരുന്നില്ല.