Skip to content

ഇനി മൂന്ന് ഫോർമാറ്റിലും ക്യാപ്റ്റൻ !! ഏകദിന ക്യാപ്റ്റനായി തിരിച്ചെത്തി ഷാക്കിബ്

ബംഗ്ലാദേശിൻ്റെ ഏകദിന ക്യാപ്റ്റനായി വീണ്ടും തിരിച്ചെത്തി ഓൾ റൗണ്ടർ ഷാക്കിബ് അൽ ഹസൻ. വരാനിരിക്കുന്ന ഏഷ്യ കപ്പിലും ഐസിസി ഏകദിന ലോകകപ്പിലും ഷാക്കിബ് ബംഗ്ലാദേശിനെ നയിക്കും.

ഈ മാസം തുടക്കത്തിൽ പരിക്ക് മൂലം ഏഷ്യ കപ്പിൽ നിന്നും പുറത്തായതോടെ തമീം ഇഖ്ബാൽ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞിരുന്നു. ഇതോടെയാണ് സീനിയർ താരമായ ഷാക്കിബിനെ ബംഗ്ലാദേശ് ക്യാപ്റ്റനായി നിയമിച്ചത്. ഇതോടെ മൂന്ന് ഫോർമാറ്റിലും ബംഗ്ലാദേശിനെ ഇനി ഷാക്കിബ് അൽ ഹസൻ നയിക്കും. ഇതിന് മുൻപ് 2009 മുതൽ 2011 വരെ 49 ഏകദിന മത്സരങ്ങളിൽ ഷാക്കിബ് ബംഗ്ലാദേശിനെ നയിച്ചിട്ടുണ്ട്. അവസാനമായി 2017 ലാണ് ഷാക്കിബ് ഏകദിനത്തിൽ അവസാനമായി ടീമിനെ നയിച്ചത്.

ഷാക്കിബിനെ കൂടാതെ ലിറ്റൺ ദാസ്, മെഹിദി ഹസൻ എന്നിവർക്കാണ് ക്യാപ്റ്റനാകുവാൻ സാധ്യതകൾ ഉണ്ടായിരുന്നത്. മൂന്ന് ഫോർമാറ്റിലും ക്യാപ്റ്റനാകുവാൻ ഷാക്കിബ് സമ്മതിക്കുമോയെന്ന ആശങ്ക ക്രിക്കറ്റ് ബോർഡിന് ഉണ്ടായിരുന്നുവെങ്കിലും ക്യാപ്റ്റനാകുവാൻ താരം സമ്മതം മൂളുകയായിരുന്നു.

ബംഗ്ളാദേശിനായി നിലവിൽ മികച്ച പ്രകടനമാണ് ഷാക്കിബ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്.