Skip to content

സഞ്ജുവല്ല !! ലോകകപ്പിൽ നാലാമനായി അവനെ ഇറക്കണം !! നിർദ്ദേശവുമായി ശിഖാർ ധവാൻ

ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കായി നാലാം നമ്പറിൽ സൂര്യകുമാർ യാദവ് ബാറ്റ് ചെയ്യണമെന്ന് ഇന്ത്യൻ സീനിയർ ഓപ്പണർ ശിഖാർ ധവാൻ. ഏകദിന ക്രിക്കറ്റിൽ സൂര്യകുമാർ യാദവ് മോശം പ്രകടനം തുടരവെയാണ് ഇത്തരത്തിലുള്ള അഭിപ്രായം ധവാൻ മുൻപോട്ട് വെച്ചിരിക്കുന്നത്.

ടി20 ക്രിക്കറ്റിൽ തകർപ്പൻ പ്രകടനം തുടരുന്ന സൂര്യകുമാർ യാദവ് എന്നാൽ ഏകദിനത്തിൽ ഇതുവരെയും താളം കണ്ടെത്താനായിട്ടില്ല. 25 മത്സരത്തിലധികം കളിച്ച താരം രണ്ട് ഫിഫ്റ്റി മാത്രമാണ് നേടിയിട്ടുള്ളത്. മറുഭാഗത്ത് ഏകദിന ക്രിക്കറ്റിൽ കിട്ടിയ അവസരങ്ങളിൽ മികവ് പുലർത്താൻ സഞ്ജുവിനായിട്ടുണ്ട്.

പരിചയസമ്പത്തും അന്താരാഷ്ട്ര ക്രിക്കറ്റിൽ കൂടുതൽ മത്സരങ്ങൾ കളിച്ചതിനാലും നാലാമനായി സൂര്യകുമാർ യാദവിനെ പരിഗണിക്കണമെന്നാണ് ധവാൻ്റെ അഭിപ്രായം. കൂടാതെ ശുഭ്മാൻ ഗില്ലിൻ്റെയും രോഹിത് ശർമ്മയുടെയും പ്രകടനം കാണുവാൻ താൻ കാത്തിരിക്കുകയാണെന്നും കഴിഞ്ഞ ലോകകപ്പിൽ രോഹിത് ശർമ്മ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും ധവാൻ കൂട്ടിച്ചേർത്തു.