Skip to content

ഞാൻ പോലും ഉണ്ടാകുമോയെന്ന് ഉറപ്പില്ല !! ലോകകപ്പ് ടീം സെലക്ഷനെ കുറിച്ച് രോഹിത് ശർമ്മ

വീണ്ടും ഏറെ പ്രതീക്ഷകളോടെ മറ്റൊരു ഐസിസി ടൂർണമെൻ്റിനായി ഒരുങ്ങുകയാണ് ഇന്ത്യ. സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പ് ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും നോക്കികാണുന്നത്. എന്നാൽ ടീം സെലക്ഷൻ്റെ കാര്യത്തിൽ ഇപ്പോഴും തലപുകയ്ക്കുകയാണ് ഇന്ത്യൻ ടീം. ഒരു താരത്തിനും ടീമിൽ ഉണ്ടാകുമോയെന്ന കാര്യത്തിൽ ഉറപ്പുനൽകിയിട്ടില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ക്യാപ്റ്റൻ രോഹിത് ശർമ്മ.

ആരുടെയും സെലക്ഷൻ ഓട്ടോമാറ്റിക്ക് അല്ലെന്നും പ്രകടനം പരിശോധിച്ചുകൊണ്ട് മാത്രമായിരിക്കും ടീം സെലക്ഷനെന്നും ക്യാപ്റ്റനായ താൻ പോലും ഓട്ടോമാറ്റിക്ക് സെലക്ഷൻ അല്ലെന്നും രോഹിത് ശർമ്മ തുറന്നുപറഞ്ഞു.

ആരുടെയും സ്ഥാനം ഉറപ്പല്ലയെന്നും എന്നാൽ ചില കളിക്കാർക്ക് അവർ ടീമിലുണ്ടാകുമെന്ന് അറിയാമെന്നും പക്ഷേ ഈ സമയത്ത് വിൻഡീസിനെതിരായ ഏകദിന പരമ്പര ചില താരങ്ങൾക്ക് മികച്ച അവസരമായിരുന്നുവെന്നും ഏഷ്യ കപ്പിലെ പ്രകടനവും ലോകകപ്പ് ടീമിൽ ഇടം ലഭിക്കുവാനുള്ള അവസരമായിരിക്കുമെന്നും രോഹിത് ശർമ്മ പറഞ്ഞു.

ശ്രേയസ് അയ്യരും കെ എൽ രാഹുലും കഴിഞ്ഞ നാല് മാസം മത്സരമൊന്നും കളിച്ചിട്ടില്ലയെന്നും സർജറിയ്ക്ക് വിധേയരായതിനാൽ ഇരുവർക്കും ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നും വൈകാതെ തന്നെ സെലക്ഷൻ കമ്മിറ്റി കൂടുമ്പോൾ ഇക്കാര്യം ചർച്ച ചെയ്യുമെന്നും എന്നാൽ സത്യസന്ധമായി പറഞ്ഞാൽ ആരുടെയും സ്ഥാനം ഉറപ്പല്ലയെന്നും ഓരോരുത്തരും സ്ഥാനത്തിനായി പോരാടേണ്ടി വരുമെന്നും രോഹിത് ശർമ്മ പറഞ്ഞു.

അടുത്തുതന്നെ ഏഷ്യ കപ്പിനും ലോകകപ്പിനുമുള്ള ടീമിനെ ഇന്ത്യ പ്രഖ്യാപിക്കും. രണ്ട് ടൂർണമെൻ്റിനും ഒപ്പം ഓസ്ട്രേലിയക്കെതിരെയായ പരമ്പരയ്ക്കുമായി ഒരു ടീമിനെ മാത്രമായിരിക്കും ഇന്ത്യ പ്രഖ്യാപിക്കുക. ലോകകപ്പിന് മുൻപേ തന്നെ ഏഷ്യൻ ഗെയിംസിലും ഇന്ത്യ കളിക്കുന്നുണ്ട്.