Skip to content

അവൻ്റെ വിടവ് നികത്തുവാൻ ആർക്കും സാധിച്ചിട്ടില്ല : ഇന്ത്യ നേരിടുന്ന വെല്ലുവിളിയെ കുറിച്ച് രോഹിത് ശർമ്മ

യുവരാജ് സിങിന് ഒരു പകരക്കാരനെ കണ്ടെത്തുവാൻ ഇന്ത്യയ്ക്ക് ഇനിയും സാധിച്ചിട്ടില്ലയെന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. മുംബൈയിൽ ഒരു പരിപാടിയ്ക്കിടെ സംസാരിക്കവെയാണ് യുവരാജ് സിങ് പോയതോടെ ഇന്ത്യ നേരിടുന്ന പ്രശ്നത്തെ കുറിച്ച് രോഹിത് ശർമ്മ തുറന്നുപറഞ്ഞത്.

യുവരാജ് സിങ് വിരമിച്ചതോടെ ഏകദിനത്തിൽ നാലാം നമ്പർ സ്ഥാനം ഇന്ത്യയ്ക്ക് പ്രശ്നമായി മാറിയെന്നും ഒരുപാട് പേർ വരികയും നാലാം നമ്പറിൽ കളിക്കുകയും ചെയ്തുവെങ്കിലും അവർക്കൊന്നും പ്രശ്നം പരിഹരിക്കാൻ സാധിച്ചില്ലയെന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.

കഴിഞ്ഞ ഏകദിന ലോകകപ്പിലും നാലാം നമ്പർ സ്ഥാനം ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിച്ചിരുന്നു. ഈ ലോകകപ്പിനായി എത്തുമ്പോഴും അതിന് പരിഹാരം കാണുവാൻ ഇന്ത്യയ്ക്കായിട്ടില്ല. വിരാട് കോഹ്ലിയെ പോലും നാലാം നമ്പറിൽ പരീക്ഷിച്ചുവെങ്കിലും അതൊന്നും മുൻപ് വിജയം കണ്ടിരുന്നില്ല. ശ്രേയസ് അയ്യരാണ് പിന്നീട് നാലാമനായി സ്ഥിരത പുലർത്തിയത്. എന്നാൽ താരത്തിൻ്റെ പരിക്ക് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി.

താരത്തിൻ്റെ തിരിച്ചുവരവ് ഇനിയും വൈകുമെന്നാണ് റിപ്പോർട്ടുകൾ. അതിനിടെ കെ എൽ രാഹുൽ തിരിച്ചെത്തി നാലാമനായി കളിച്ചേക്കുമെന്നുള്ള സൂചനയും രോഹിത് ശർമ്മ നൽകി.