Skip to content

യുവിയുടെ പകരക്കാരനാകുമോ ? തിലക് വർമ്മയെ പ്രശംസിച്ച് സോഷ്യൽ മീഡിയ

വിൻഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലും തകർപ്പൻ പ്രകടനം പുറത്തെടുത്ത് തിലക് വർമ്മ. ഇന്ത്യയുടെ നമ്പർ വൺ ബാറ്റ്സ്മാൻ സൂര്യകുമാർ യാദവ് തകർത്താടിയപ്പോൾ മികച്ച പിന്തുണ നൽകി ഫിഫ്റ്റിയ്ക്കരികെ താരമെത്തി. ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ മനസ്സുവെച്ചിരുന്നുവെങ്കിൽ തുടർച്ചയായ രണ്ടാം ഫിഫ്റ്റി നേടുവാൻ താരത്തിന് സാധിക്കുമായിരുന്നു.

സൂര്യകുമാർ യാദവ് 44 പന്തിൽ 10 ഫോറും 4 സിക്സും ഉൾപ്പെടെ 83 റൺസ് നേടിയപ്പോൾ മികച്ച പിൻതുണ നല്കിയ താരം 37 പന്തിൽ 4 ഫോറും ഒരു സിക്സും അടക്കം 49 റൺസ് നേടി പുറത്താകാതെ നിന്നു. ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ സിംഗിളിന് ശ്രമിക്കാതെ സിക്സ് പറത്തി ഫിനിഷ് ചെയ്തതിനാലാണ് അർഹിച്ച സെഞ്ചുറി തിലക് വർമ്മയ്ക്ക് നഷ്ടമായത്.

അരങ്ങേറ്റ മത്സരത്തിൽ 22 പന്തിൽ 39 റൺസ് നേടിയ തിലക് വർമ്മ, കഴിഞ്ഞ മത്സരത്തിൽ 41 പന്തിൽ 51 റൺസ് നേടി. മൂന്ന് മത്സരങ്ങളിൽ നിന്നും 139 റൺസോടെ പരമ്പരയിലെ ടോപ് സ്കോറർ കൂടിയാണ് തിലക് വർമ്മ. കൂടാതെ സൂര്യകുമാർ യാദവിന് ശേഷം ആദ്യ മൂന്ന് ടി20 ഇന്നിങ്സുകളിൽ 30+ സ്കോർ നേടുന്ന ഇന്ത്യൻ ബാറ്റ്സ്മാൻ കൂടിയാണ് തിലക് വർമ്മ.

താരം യുവരാജ് സിങിൻ്റെ ഓർമ്മകൾ സമ്മാനിക്കുന്നുവെന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ കുറിക്കുന്നത്. യുവരാജിന് ശേഷം മധ്യനിരയിൽ മികച്ച ഇടംകയ്യനെ ടി20 ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് ലഭിച്ചിട്ടില്ല. ആ വിടവ് തിലക് വർമ്മയ്ക്ക് തിലക് വർമ്മയ്ക്ക് നികത്താൻ സാധിക്കുമെന്ന പ്രതീക്ഷയും ആരാധകർക്കുണ്ട്.