Skip to content

തിലക് വർമ്മയ്ക്ക് ഫിഫ്റ്റി നൽകാതെ മത്സരം ഫിനിഷ് ചെയ്ത് ഹാർദിക്ക് പാണ്ഡ്യ !! വിമർശനവുമായി ആരാധകർ

വെസ്റ്റിൻഡീസിനെതിരായ മൂന്നാം ടി20 യിൽ തകർപ്പൻ വിജയമാണ് ഇന്ത്യ കുറിച്ചത്. പരമ്പര തോൽവി ഒഴിവാക്കാൻ വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ സൂര്യകുമാർ യാദവിൻ്റെയും തിലക് വർമ്മയുടെയും മികവിലാണ് ഇന്ത്യ വിജയിച്ചത്. എന്നാൽ അതിനിടെ മത്സരം സിക്സ് നേടി ഫിനിഷ് ചെയ്ത ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ ആരാധകരിൽ നിന്നും വിമർശനം ഏറ്റുവാങ്ങിയിരിക്കുകയാണ്.

മത്സരത്തിൽ വിജയിക്കാൻ രണ്ട് റൺസ് വേണ്ടവെയാണ് സിക്സ് നേടികൊണ്ട് ഹാർദിക്ക് പാണ്ഡ്യ മൽസരം ഫിനിഷ് ചെയ്തത്. മറുഭാഗത്ത് യുവതാരം തിലക് വർമ്മ 37 പന്തിൽ 49 റൺസ് നേടി ബാറ്റ് ചെയ്യവെയാണ് സിംഗിൾ നേടുവാൻ ശ്രമിക്കാതെ ക്യാപ്റ്റൻ പാണ്ഡ്യ മത്സരം ഫിനിഷ് ചെയ്തത്.

ഇങ്ങനെയൊരു പരമ്പരയിൽ നെറ്റ് റൺറേറ്റ് നോക്കേണ്ട ആവശ്യം പോലും ഇല്ലാത്തപ്പോൾ ഹാർദിക്ക് പാണ്ഡ്യയുടെ ഈ തീരുമാനം ആരാധകരിൽ അമർഷം ഉണ്ടാക്കിയിരിക്കുകയാണ്. അരങ്ങേറ്റം മത്സരത്തിൽ 22 പന്തിൽ 39 റൺസ് നേടിയ തിലക് വർമ്മ കഴിഞ്ഞ മത്സരത്തിൽ ഫിഫ്റ്റി നേടിയിരുന്നു. തുടർച്ചയായ രണ്ടാം ഫിഫ്റ്റി നേടാനുള്ള അവസരമാണ് ക്യാപ്റ്റൻ ഇല്ലാതാക്കിയത്.

മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 160 റൺസിൻ്റെ വിജയലക്ഷ്യം 17.5 ഓവറിലാണ് ഇന്ത്യ മറികടന്നത്. 44 പന്തിൽ 83 റൺസ് നേടിയ സൂര്യകുമാർ യാദവിൻ്റെ പ്രകടനമാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്.