Skip to content

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച് ഇംഗ്ലണ്ട് ഓപ്പണർ

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ഓപ്പണർ അലക്സ് ഹെയ്ൽസ്. ഫ്രാഞ്ചൈസി ലീഗുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് കഴിഞ്ഞ കുറച്ചുനാളുകളായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനൊപ്പം താരം ചർച്ചകൾ നടത്തിയിരുന്നു.

ഏകദിന ടീമിൽ ഉണ്ടായിരുന്നില്ലയെങ്കിലും ഐസിസി ടി20 ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിൻ്റെ ഭാഗമായിരുന്നു ഹെയ്ൽസ്. നിരവധി വിവാദങ്ങളിൽ പെട്ടതിനെ തുടർന്ന് 2019 ൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് താരത്തെ വിലക്കിയിരുന്നു. പിന്നീട് വിലക്ക് മാറിയെങ്കിലും ഓയിൻ മോർഗൻ താരത്തെ ടീമിൽ തിരിച്ചെത്തുന്നതിനെ തടഞ്ഞിരുന്നു. തുടർന്ന് മോർഗൻ വിരമിച്ച ശേഷമാണ് താരം ടീമിൽ തിരിച്ചെത്തിയതും ടി20 ലോകകപ്പിൽ കളിച്ചതും.

ഇംഗ്ലണ്ടിന് വേണ്ടി 156 മത്സരങ്ങൾ കളിച്ച താരം 11 സെഞ്ചുറിയും 5000 ത്തിലധികം റൺസും നേടിയിട്ടുണ്ട്. ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരം കൂടിയായിരുന്നു ഹെയ്ൽസ്.